കോട്ടയം: നവവധുവിനെ മര്‍ദ്ദിച്ച കേസിലെ പ്രതി കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി രാഹുല്‍ പി ഗോപാലിനെതിരെ പരാതിയുമായി ഈരാറ്റുപേട്ട സ്വദേശിനിയായ യുവതി. പ്രതി രാഹുലുമായി ഒക്ടോബറില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതു നിലനില്‍ക്കെയാണ് രാഹുല്‍ മറ്റൊരു വിവാഹം കഴിച്ചതെന്നും ഈരാറ്റുപേട്ട പനക്കപ്പാലം സ്വദേശിനി പറയുന്നു.
രാഹുലിനെതിരെ ദന്ത ഡോക്ടറായ യുവതി ഈരാറ്റുപേട്ട പൊലീസിലാണ് പരാതി നല്‍കിയത്. സമൂഹമാധ്യമത്തിലൂടെയാണ് വടക്കന്‍ പറവൂരിലെ പെണ്‍കുട്ടിയെ രാഹുല്‍ വിവാഹം കഴിച്ചകാര്യം അറിഞ്ഞതെന്നും യുവതി പറയുന്നു. യുവതിയുടെ പരാതിയില്‍ വിവാഹത്തട്ടിപ്പിന് പൊലീസ് രാഹുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തേക്കുമെന്നാണ് വിവരം.പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ഫറോക്ക് എസിപിയുടെ നേതൃത്വത്തില്‍ പുതിയ സംഘത്തെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. എസിപി സാജു കെ എബ്രഹാമിന്റെ നേതൃത്വത്തില്‍ ഏഴ് പേരാണ് പുതിയ അന്വേഷണ സംഘത്തിലുള്ളത്. ഇവര്‍ ഇന്നുതന്നെ കൊച്ചിയിലെത്തി ചികിത്സയിലുള്ള വടക്കന്‍ പറവൂര്‍ സ്വദേശിനിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തും.
കേസിലെ പ്രതി രാഹുല്‍ ഒളിവില്‍ പോയ സാഹചര്യത്തില്‍ ഇയാളെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. രാഹുലിന്റെ രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ജര്‍മ്മനിയില്‍ എയറോനോട്ടിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. അതുകൊണ്ടു തന്നെ ഇയാള്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് തടയാനാണ് പൊലീസിന്റെ നീക്കം.ഞായറാഴ്ച പെൺകുട്ടിയുടെ വീട്ടുകാർ രാഹുലിന്റെ വീട്ടിൽ എത്തിയപ്പോഴാണ് പെൺകുട്ടി ക്രൂരമായി മർദനത്തിന് ഇരയായ വിവരം അറിഞ്ഞത്. തുടർന്ന് പൊലീസിനെ സമീപിച്ചത്. പൊലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തി ചർച്ച നടത്തുകയായിരുന്നു. യുവതിയുടെ വീട്ടുകാർ ഉറച്ച നിലപാടെടുത്തതോടെ കേസ് റജിസ്റ്റർ ചെയ്തശേഷം രാഹുലിന് നോട്ടിസ് നൽകി പറഞ്ഞുവിടുകയായിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിരുന്നില്ല. തുടർന്ന് യുവതിയുടെ വീട്ടുകാർ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകിയതോടെയാണ് രാഹുലിനെതിരെ വധശ്രമത്തിനും കേസെടുത്തത്.