ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞ് ഇന്നും വിമാന സര്‍വീസുകളെ ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടതും ഇറങ്ങേണ്ടതുമായ രാജ്യാന്തര യാത്രകള്‍ അടക്കം 110 വിമാന സര്‍വീസുകളാണ് വൈകുന്നത്. തൊട്ടടുത്തുള്ള കാഴ്ച പോലും മറച്ചുകൊണ്ട് കനത്ത മൂടല്‍മഞ്ഞാണ് ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്. മൂടല്‍മഞ്ഞ് ദൂരക്കാഴ്ചയെ മറച്ചതോടെ, ഡല്‍ഹിയില്‍ നിന്നുള്ള യാത്ര, ചരക്കു ട്രെയിന്‍ സര്‍വീസുകളുടെയും താളംതെറ്റിയിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതായാണ് വിവരം.
കനത്ത മൂടല്‍മഞ്ഞിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡല്‍ഹിയില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. വ്യാഴാഴ്ച യെല്ലോ അലര്‍ട്ട് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം കൂടി ഇതേ അവസ്ഥ തന്നെ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ബുധനാഴ്ച കുറഞ്ഞ താപനില ഏഴു ഡിഗ്രിയായി താഴുമെന്നാണ് പ്രവചനം. 24 ഡിഗ്രിയായിരിക്കും കൂടിയ താപനില. രാവിലെയാണ് മൂടല്മൂഞ്ഞ് കൂടുതലായി അനുഭവപ്പെടുന്നത്. മൂടല്‍മഞ്ഞ് ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. ഡല്‍ഹിക്ക് പുറമേ ഹരിയാന, യുപിയുടെ വിവിധ ഭാഗങ്ങള്‍, രാജസ്ഥാന്റെ വടക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്.