പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് ഡെങ്കിപ്പനി ബാധിച്ച് മൂന്നുപേർ മരിച്ചു. കൊല്ലത്ത് രണ്ടും പത്തനംതിട്ടയിൽ ഒരുമരണവുമാണ് റിപ്പോർട്ട് ചെയ്തത്. കൊല്ലത്ത് ചവറ സ്വദേശി അരുൺ കൃഷ്ണ (33), ഒഴുകുംപാറ സ്വദേശിയായ വിദ്യാർഥി അഭിജിത്ത് എന്നിവരാണ് മരിച്ചത്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.പത്തനംതിട്ടയിൽ മുണ്ടുകോട്ടക്കൽ സ്വദേശി അഖില (32) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ദിവസങ്ങള്‍ക്ക് മുന്‍പ് പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചിരുന്നു. കല്ലടിക്കോട് മണ്ണാത്തിപ്പാറ സ്വദേശി ജിനുമോന്‍ ആണ് മരിച്ചത്. ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിന്നു. അതേസമയം, സംസ്ഥാനത്ത് പനി പടരുന്നതിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ വീഴ്ച വരുത്തരുത്. ഡെങ്കിപ്പനി കൂടുതൽ വ്യാപിച്ച സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും.കൊതുകുകൾ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. വീടുകളിലും സ്ഥാപനങ്ങളിലും മുൻകരുതൽ വേണം. കോവിഡ് കേസുകളിൽ വർധനയുണ്ടായിട്ടില്ലെന്നും വീണാ ജോർജ് പറഞ്ഞു.