ന്യൂഡൽഹി : എൽഎൽബി വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ ‘മനുസ്മൃതി’ ഉൾപ്പെടുത്താനുള്ള ആവശ്യം തള്ളി ഡൽഹി സർവകലാശാല. ലോ ഫാക്കൽറ്റി മുന്നോട്ടുവെച്ച മനുസ്മൃതി ഉൾപ്പെടുത്തണമെന്ന ആവശ്യത്തെ യൂണിവേഴ്സിറ്റ് നിരസിച്ചതായി വൈസ് ചാൻസലർ യോഗേഷ് സിംഗ് വ്യക്തമാക്കി.’ജൂറിസ്പ്രൂഡൻസ്’ എന്ന പേപ്പറിൽ ലോ ഫാക്കൽറ്റി മാറ്റങ്ങൾ നിർദ്ദേശിച്ചതായും അവരുടെ നിർദ്ദേശങ്ങളിൽ ‘മനുസ്മൃതി’യെക്കുറിച്ചുള്ള വായനകൾ ഉൾപ്പെടുന്നുവെന്നും അത് സർവകലാശാല നിരസിച്ചതായും സിംഗ് ഒരു വീഡിയോയിലൂടെ പറഞ്ഞു.
“നിയമ ഫാക്കൽറ്റിയുടെ നിർദ്ദേശം ഡൽഹി യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന് സമർപ്പിച്ചു. അവർ നിയമശാസ്ത്രം എന്ന പേപ്പറിൽ മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു. നിർദ്ദേശത്തിലെ ഒരു മാറ്റമാണ് മനുസ്മൃതിയെക്കുറിച്ചുള്ള വായനകൾ ഉൾപ്പെടുത്തുക. നിർദ്ദേശിച്ച വായനകളും ഭേദഗതികളും ദില്ലി സർവകലാശാല നിരസിച്ചു. ഫാക്കൽറ്റി നിർദ്ദേശപ്രകാരമുള്ള ‘മനുസ്മൃതി’ പഠിപ്പിക്കില്ല,” വൈസ് ചാൻസലർ പറഞ്ഞു. അതേസമയം, ഡിയുവിലെ എൽഎൽബി വിദ്യാർഥികളെ മനുസ്മൃതി പഠിപ്പിക്കാനുള്ള നിർദേശം വെള്ളിയാഴ്ച ചേരുന്ന അക്കാദമിക് കൗൺസിൽ യോഗത്തിൽ ചർച്ചചെയ്യും.