ന്യൂഡൽഹി : സുപ്രീം കോടതിയുടെ ഉത്തരവ് മറികടക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഡൽഹി ഭരണനിയന്ത്രണ ബിൽ പ്രാബല്യത്തിൽ വന്നതോടെ ഡൽഹി സർക്കാരും കേന്ദ്രവും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകും. ബില്ലിനെ ചെറുക്കാൻ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സാധ്യമായ എല്ലാ വഴികളും തേടിയിട്ടും ബിജെപി അനായാസേന ബിൽ പാസാക്കി എടുത്തു.
ഡൽഹിയിലെ ജനങ്ങളെ ബിജെപി പിന്നിൽനിന്നു കുത്തിയെന്ന് എഎപി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ പറഞ്ഞു. ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകുമെന്നാണ് 2014ൽ നരേന്ദ്ര മോദി അധികാരത്തിൽ എത്തിയപ്പോൾ പറഞ്ഞത്. എന്നാൽ അവർ ജനങ്ങളെ പിന്നിൽനിന്നു കുത്തി. ഇപ്പോൾ മോദി പറയുന്ന ഒരുകാര്യവും വിശ്വസിക്കില്ല എന്നും അരവിന്ദ് കേജ്രിവാൾ പറഞ്ഞു.
പല കാര്യങ്ങളിലും കേന്ദ്ര സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന എഎപി സർക്കാരിന് ഇനി മുതൽ കൂടുതൽ നിയന്ത്രണവിധേയമായി പ്രവർത്തിക്കേണ്ടി വരും. പൂർണ സംസ്ഥാന പദവി എന്ന ആവശ്യം എഎപി ദീർഘനാളായി ഉന്നയിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥ നിയമനങ്ങളിൽ കൂടി കേന്ദ്രം കൈകടത്തിയത്. ഇതോടെ കേന്ദ്രത്തിനു താൽപര്യമുള്ളവരെ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കാൻ സാധിക്കുമെന്നാണ് എഎപിയുടെ ആരോപണം. പല പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തുനിൽക്കേണ്ട ഡൽഹി സർക്കാരിനു മുന്നോട്ടുള്ള പ്രവർത്തനം കൂടുതൽ ദുഷ്കരമാകും.
നാഷനൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റി (എൻസിസിഎസ്എ) രൂപീകരിച്ചാണ് ഡൽഹി അടക്കമുള്ള സ്ഥലങ്ങളിലെ ഭരണത്തിൽ കേന്ദ്രം നേരിട്ട് ഇടപെടാൻ നീക്കം ആരംഭിച്ചത്. ഡൽഹി, ആൻഡമാൻ നിക്കോബാർ, ദാദ്ര നഗർ ഹവേലി സിവിൽ സർവീസ് കേഡറിലെ(ഡാനിക്സ്) ഗ്രൂപ്പ് എ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, അച്ചടക്ക നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട നടപടികളെല്ലാം അതോറിറ്റിയുടെ കീഴിലാക്കും. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാന ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ. വിയോജിപ്പുകളുണ്ടായാൽ അന്തിമ തീരുമാനം ലഫ്.ഗവർണറുടേതാണെന്നും ബില്ലിൽ പറയുന്നു.
ഡൽഹി സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നും ദേശീയ തലസ്ഥാന പ്രദേശത്തെ (എൻസിടി) ക്രമസമാധാനം, പൊലീസ്, ഭൂമി എന്നിവ ഒഴികെയുള്ള സേവനങ്ങൾ സർക്കാരിന്റെ അധികാരപരിധിയിലാണെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചതിനു ശേഷമാണ് ഓർഡിനൻസ് കൊണ്ടുവന്നത്. ഈ ഓഡിനൻസാണ് ബിൽ ആയി അവതരിപ്പിച്ച് ബിജെപി സർക്കാർ പാസാക്കിയെടുത്തത്.