ന്യൂഡല്‍ഹി : രഞ്ജി ട്രോഫി പോരാട്ടങ്ങള്‍ തുടങ്ങിയതിനു പിന്നാലെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. പുതുച്ചേരിയോട് ഒന്‍പത് വിക്കറ്റിനാണ് ഡല്‍ഹി ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയത്. പിന്നാലെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു 21കാരനായ യഷ് ദുല്ലിനെ പുറത്താക്കി ഡല്‍ഹി. ഹിമ്മത് സിങാണ് പകരം സീസണില്‍ ഇനി ടീമിനെ നയിക്കുക.
ഗ്രൂപ്പ് ഡിയിലെ സീസണിലെ ആദ്യ പോരാട്ടത്തില്‍ ഡല്‍ഹി ഒന്നാം ഇന്നിങ്സില്‍ 148 റണ്‍സിനും രണ്ടാം ഇന്നിങ്സില്‍ 145 റണ്‍സിനും പുറത്തായി. രണ്ടിന്നിങ്സിലും യഷ് വമ്പന്‍ പരാജയമായി മാറി. രണ്ട്, 23 എന്നിങ്ങനെയായിരുന്നു യഷിന്റെ സ്കോറുകള്‍.
ഇന്ത്യയെ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച് നായക മികവ് തെളിയിച്ച താരമാണ് യഷ്. 2022 ല്‍ ഡല്‍ഹി നായകനായി യഷിനെ നിയമിച്ചിരുന്നു. നായകനെന്ന ഭാരം യഷിന്റെ ബാറ്റിങിനെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് താരത്തെ മാറ്റിയതെന്നു ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് വ്യക്തമാക്കി.
17 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നു 1185 റണ്‍സാണ് താരം നേടിയത്. 43.88 ആവറേജ്. നാല് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 200 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.