ന്യൂഡല്‍ഹി : മെട്രോ സ്റ്റേഷനിലുണ്ടായ അപകടത്തെ തുടര്‍ന്ന് മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ക്ക് ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് തീരുമാനം. കഴിഞ്ഞയാഴ്ചയാണ് ഇന്ദര്‍ലോകില്‍ അപകടം ഉണ്ടായത്. ഡിസംബര്‍ 16ന് സാരിയും ജാക്കറ്റും ഡല്‍ഹി മെട്രോ ട്രെയിനിന്റെ വാതിലില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മീറ്ററുകളോളം 35 കാരിയായ യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.
ഡിസംബര്‍ 14 ന് ഇന്റര്ലോക്മെട്രോ സ്റ്റേഷനില്‍ റീന ദേവി എന്ന സ്ത്രീ മകനോടൊപ്പം നംഗ്ലോയില്‍ നിന്ന് മോഹന്‍ നഗറിലേക്ക് പോകുമ്പോഴാണ് സംഭവം. ആശുപത്രിയിലിരിക്കെയാണ് ഇവര്‍ മരണത്തിന് കീഴടങ്ങിയത്. 2017 ലെ മെറെയില് വ്യവസ്ഥകള്‍ അനുസരിച്ച്, മരിച്ചയാളുടെ അടുത്ത ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. കൂടാതെ, മരിച്ചവരുടെ മക്കള്‍ക്ക് മാനുഷിക സഹായമെന്ന നിലയില്‍ 10 ലക്ഷം രൂപ കൂടി നല്‍കും.
കൂടാതെ, രണ്ട് കുട്ടികളുടെ വിദ്യാഭ്യാസവും ഡിഎംആര്‍സി ഏറ്റെടുക്കും. കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും ഡല്‍ഹി മെട്രോ മാനേജ്മെന്റ് ഉറപ്പാക്കണമെന്ന് ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും നിര്‍ദ്ദേശം നല്‍കിയിരുന്നു.
സംഭവത്തെക്കുറിച്ച് മെട്രോ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ അന്വേഷണം നടത്തിവരികയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി ഗതാഗതമന്ത്രിയും ഉത്തരവിട്ടിട്ടുണ്ട്.