ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭ എംപി സഞ്ജയ് സിംഗ് അറസ്റ്റിൽ. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് സഞ്ജയിനെ അറസ്റ്റു ചെയ്തത്. പത്ത് മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് രാവിലെ മുതൽ എംപിയുടെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. 2020ല്‍ മദ്യശാലകള്‍ക്കും വ്യാപാരികള്‍ക്കും ലൈസന്‍സ് നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ സഞ്ജയ് സിംഗിനും പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ, സിംഗിന്റെ അടുത്ത അനുയായി അജിത് ത്യാഗിയുടെയും മദ്യനയത്തില്‍ നിന്നു നേട്ടമുണ്ടാക്കിയ കരാറുകാരുടെയും ബിസിനസുകാരുടെയും വീടുകളിലും ഓഫീസുകളിലും ഇഡി പരിശോധന നടത്തിയിരുന്നു.