ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടിയോടുള്ള നിലപാട് കടുപ്പിച്ച് കേന്ദ്ര ഏജൻസികൾ. മദ്യനയ അഴിമതിക്കേസിൽ ഇന്നലെ ഹാജരായില്ലെങ്കിലും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇ.ഡി വീണ്ടും നോട്ടിസ് നൽകും.
അടുത്ത വർഷത്തോടെ ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാനാണ് ബി.ജെ.പിയുടെ പദ്ധതിയെന്ന് വിദ്യാഭ്യാസ മന്ത്രി അതിഷി തുറന്നടിക്കുന്നു. അരവിന്ദ് കെജ്രിവാളിനെ ഇ.ഡി ചോദ്യംചെയ്ത ശേഷം ജയിലിലടച്ച് പാർട്ടിയെ തുടച്ചുനീക്കാനാണ് പദ്ധതി. 2015 മുതൽ ആം ആദ്മിയെ തോൽപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ വിജയിച്ചില്ല. രാഷ്ട്രീയമായി വിജയിക്കാൻ കഴിയാതെ വരുമ്പോൾ നേതാക്കളെ ജയിലിലടച്ചു തോൽപ്പിക്കാനാണ് ശ്രമം.
ഒടുവിലത്തെ കണ്ണി തൊഴിൽ മന്ത്രി രാജ്കുമാറാണ്. ഇന്നലെ രാജ്കുമാറുമായി ബന്ധപ്പെട്ട് ഒന്പതിടത്താണ് ഇ.ഡി റെയ്ഡ് നടത്തിയത്. വഖഫ് ബോർഡ് ചെയർമാനും ഓഖ്ല എം.എൽ.എയുമായ അമാനത്തുല്ല ഖാന്റെ വസതിയിൽ ഇ.ഡി രണ്ടാഴ്ച മുൻപ് റെയ്ഡ് നടത്തിയിരുന്നു. ചോദ്യംചെയ്യാനായി ഇ.ഡി നൽകിയിരിക്കുന്ന നോട്ടീസ് കെജ്രിവാൾ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും വീണ്ടും ചോദ്യംചെയ്യാനായി സമന്‍സ് നൽകാനാണ് ഇ.ഡി തീരുമാനം.