ന്യൂഡൽഹി: ഇ ഡി അറസ്റ്റും റിമാൻഡും ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. മതിയായ തെളിവുകൾ ഹാജരാക്കാൻ ഇ.ഡിക്ക് സാധിച്ചു. കെജ്രിവാളിന്റെ അറസ്റ്റ് നിയമപരമാണ്. കെജ്രിവാൾ ഗൂഢാലോചന നടത്തിയതിനു തെളിവുണ്ട്. ലഭിച്ച പണം ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെലവഴിച്ചതായും ഹൈക്കോടതി പറഞ്ഞു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അറസ്റ്റിനെ എതിർത്താണ് കെജ്രിവാൾ കോടതിയെ സമീപിച്ചത്.
മാപ്പുസാക്ഷിയുടെ മൊഴി രേഖപ്പെടുത്തുന്നതിൽ തെറ്റില്ല. മാപ്പുസാക്ഷികളെ അവഗണിച്ചാൽ നിയമവ്യവസ്ഥ മുന്നോട്ടു പോകില്ല. വിചാരണ കോടതിയുടെ അധികാരങ്ങളിൽ ഇടപെടുന്നില്ല. തിരഞ്ഞെടുപ്പുകാലമാണോയെന്നതു കോടതി കണക്കിലെടുക്കേണ്ട കാര്യമല്ല. തെരഞ്ഞെടുപ്പുകാലം മുന്നിൽകണ്ട് കെജ്രിവാളിന് അന്വേഷണവുമായി സഹകരിക്കാമായിരുന്നെന്നും ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ ബെഞ്ചിന്റെതാണ് വിധി.അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകൾ ഇല്ലാതെയാണ് ഇ.ഡി നടപടിയെന്നും ആരോപിച്ചായിരുന്നു കെജ്രിവാളിന്റെ ഹർജി. എന്നാൽ അഴിമതിയുടെ സൂത്രധാരൻ കെജ്രിവാളാണെന്നും ആം ആദ്മി പാർട്ടിയാണ് അഴിമതിയുടെ ഗുണഭോക്താവ് എന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ.
മാർച്ച് 21നാണ് ഇ.ഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് അദ്ദേഹം. കസ്റ്റഡിയിലിരിക്കെ കെജ്രിവാൾ പുറത്തിറക്കിയ സർക്കാർ ഉത്തരവുകൾ വിവാദം സൃഷ്ടിച്ചിരുന്നു. കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധ മാർച്ചും നടന്നിരുന്നു. ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത ബിആർഎസ് നേതാവ് കെ.കവിതയുടെ ഇടക്കാല ജാമ്യ ഹർജി ഡൽഹി റൗസ് അവന്യൂ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
കെപിസിസി നേതൃമാറ്റം, പുനഃസംഘടന നേതാക്കളോട് അഭിപ്രായം തേടി എഐസിസി
Read more