ന്യൂഡല്‍ഹി: ഒസാമ ബിന്‍ ലാദന്റെ ചിത്രമോ ഐഎസ്ഐഎസിന്റെ കൊടിയോ കൈവശം വെക്കുകയോ തീവ്ര മുസ്ലീം പ്രചാരകരുടെ പ്രസംഗം കേള്‍ക്കുകയോ ചെയ്തതുകൊണ്ടുമാത്രം യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍) കുറ്റകരമാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.ഇക്കാരണത്താല്‍ ഒരാളെ ഭീകര സംഘടനയിലെ അംഗമായി കാണാനാവില്ലെന്നും ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കെയ്ത്, മനോജ് ജെയിന് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.കശ്മീരില്‍ ഭീകരപ്രവര്‍ത്തനം നടത്തിയതുമായി ബന്ധപ്പെട്ട് എന്‍ഐഎ 2021ല്‍ അറസ്റ്റുചെയ്ത അമര്‍ അബ്ദുള്‍ റഹിമാന്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇന്നത്തെ ഇലക്ട്രോണിക് യുഗത്തില്‍ പലതും ഇന്റര്‍നെറ്റില്‍ സൗജന്യമായി ലഭ്യമാണ്. ഇവ ഡൗണ്‍ലോഡ് ചെയ്തതുകൊണ്ടുമാത്രം കുറ്റവാളിയാണെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.