ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഗൗതം അദാനി എന്നിവരെ പോക്കറ്റടിക്കാര്‍ എന്ന് വിളിച്ചത് തെറ്റാണെന്ന് ഡല്‍ഹി ഹൈക്കോടതി. രാഹുലിനെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദശം നല്‍കുകയും ചെയ്തു. രാജസ്ഥാനിലെ നദ്ബായിയില്‍ നവംബര്‍ 22-ന് നടത്തിയ പ്രസംഗത്തിനിടെയായിരുന്നു വിവാദപരാമര്‍ശം.
പരാമര്‍ശവുമായി ബന്ധപ്പെട്ട് രാഹുലിന് നവംബര്‍ 23-ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നതായും നവംബര്‍ 25-നകം മറുപടി നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തില്‍ എട്ടാഴ്ചയ്ക്കകം നടപടിയെടുക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്കി. ‘നിങ്ങള്‍ നല്കിയ സമയപരിധി അവസാനിച്ചു. ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. വിഷയത്തില്‍ എട്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കുന്നു’, കോടതി വ്യക്തമാക്കി.പ്രകോപനപരമായ പ്രസംഗം നടത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് കോടതിയുടെ നിര്‍ദേശം.