ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുളള പൊതുതാത്പര്യ ഹർജി ഡൽഹി ഹൈക്കോടതി തളളി. നിലവിലെ സാഹചര്യത്തിൽ കോടതി ഇടപെടൽ സാധ്യമല്ലെന്ന് കോടതി പറഞ്ഞു. കസ്റ്റഡിയിൽനിന്നും കെജ്രിവാൾ മുഖ്യമന്ത്രിയുടെ ചുമതല നിർവഹിക്കുന്നത് ചോദ്യംചെയ്ത് സുർജിത് സിംഗ് യാദവാണ് ഹർജി നൽകിയത്.
അതേസമയം, ഇ ഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിനെ ഇന്ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. 21ന് ഇഡി അറസ്റ്റുചെയ്ത കെജ്രിവാളിനെ മാർച്ച് 28 വരെയാണ് കോടതി കെജ്രിവാളിനെ ഇഡി കസ്റ്റഡിയിൽ വിട്ടത്. ഇത് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ന് കോടതിയിൽ ഹാജരാക്കുക. ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യവും അരവിന്ദ് കെജ്രിവാൾ വ്യാഴാഴ്ച കോടതിയിൽ വെളിപ്പെടുത്തുമെന്ന് ഭാര്യ സുനിത കെജ്രിവാൾ പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കുന്ന തെളിവുകളും അദ്ദേഹം കോടതിക്ക് കൈമാറും. അഴിമതിയിലൂടെയുള്ള പണം എവിടെയെന്ന് അദ്ദേഹം വെളിപ്പെടുത്തുമെന്നും തെളിവുകൾ സഹിതം കോടതിയിൽ പറയുമെന്നും സുനിത കെജ്രിവാൾ പറഞ്ഞു.