ന്യൂഡൽഹി : സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച അധികാരം കവർന്നെടുക്കുന്ന കേന്ദ്ര സർക്കാരിന്റെ ഓർഡിനൻസിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ പക്കൽനിന്നും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനായുള്ള അധികാരം ലഫ്റ്റനന്റ് ഗവർണർക്ക് കൈമാറുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ആപ് സർക്കാർ ഹർജിയിൽ പറയുന്നു. ഭരണഘടനയുടെ 239എഎ വകുപ്പ് കേന്ദ്രത്തിന്റെ ഓർഡിനൻസിന് വിലങ്ങുതടിയാണെന്നും മേയ് 19-ന് പുറപ്പെടുവിച്ച ഈ ഓർഡിനൻസ് റദ്ദാക്കണമെന്നും ഡൽഹി സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടു.