ലക്നൗ: ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ആറ് വിക്കറ്റ് ജയം. 168 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി മറികടന്നത്. ആദ്യ ഇന്നിങ്സിൽ 160 റൺസിന് മുകളിൽ സ്കോർ കണ്ടെത്തിയാൽ ലക്നൗവിനെ പരാജയപ്പെടുത്താനാകില്ലെന്ന റെക്കോർഡും ഇതോടെ തകർന്നു. ജയത്തോടെ നാലു പോയിന്റുമായി ഡൽഹി പോയിന്റ പട്ടികയിൽ ഒൻപതാമതായി. ആറ് പോയിന്റുള്ള ലക്നൗ നാലാമതാണ്.
ആദ്യം ബാറ്റ് ചെയ്ത ലക്നൗ സൂപ്പർ ജയന്റ്സിനെ ഡൽഹി ബോളർമാർ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 167 റൺസിലൊതുക്കി. നാല് ഓവറിൽ 20 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് നേടിയ സ്പിന്നർ കുൽദീപ് യാദവ്, രണ്ടു വിക്കറ്റ് നേടിയ ഖലീൽ അഹമ്മദ് എന്നിവരുടെ ബോളിങ് പ്രകനമാണ് ലക്നൗവിനെ ചെറിയ സ്കോറിലൊതുക്കാൻ സഹായിച്ചത്. അർധസെഞ്ചറി നേടിയ ആയുഷ് ബദോനിയുടെ (35 പന്തിൽ 55*) പ്രകടനമാണ് ലക്നൗവിനെ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്. നായകൻ കെ.എൽ.രാഹുൽ (22 പന്തിൽ 39) റൺസെടുത്തു.
അരങ്ങേറ്റ മത്സരത്തിൽ അർധസെഞ്ചറി നേടിയ ഓസ്ട്രേലിയൻ താരം ജേക്ക് ഫ്രേസർ-മക്ഗർക്ക് (35 പന്തിൽ 55), ക്യാപ്റ്റൻ ഋഷഭ് പന്ത് (24 പന്തിൽ 41), പൃഥ്വി ഷാ (22 പന്തിൽ 32) എന്നിവരുടെ ബാറ്റിങ്ങാണ് ഡൽഹിക്ക് അനായാസ ജയം സമ്മാനിച്ചത്. ഇതിനുശേഷം ക്രീസിലെത്തിയ ട്രിസ്റ്റൻ സ്റ്റബ്സ് (9 പന്തിൽ 15), ഷായ് ഹോപ് (10 പന്തിൽ 11) എന്നിവർ ചേർന്ന് ഡൽഹിയെ വിജയത്തിലെത്തിക്കുകയായിരുന്നു.