ന്യൂഡല്‍ഹി: കനത്തമഴയില്‍ ഡല്‍ഹിയില്‍ യമുനാ നദി കര കവിഞ്ഞൊഴുകുന്നു. ജലനിരപ്പ് 208 മീറ്ററും കടന്നതോടെയാണ് നദി കര കവിഞ്ഞൊഴുകാന്‍ തുടങ്ങിയത്. നിലവില്‍ 208. 13 മീറ്ററാണ് ജലനിരപ്പ്. 44 വര്‍ഷത്തിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ ജലനിരപ്പാണിത്. എട്ടുമണിക്കും 10 മണിക്കും ഇടയില്‍ ജലനിരപ്പ് വീണ്ടും ഉയരുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശിച്ചു.
യമുന കര കവിഞ്ഞൊഴുകിയതോടെ യമുന ഖാദര്‍ റാം മന്ദിറിന് സമീപം 200ല്‍ അധികം പേര് കുടുങ്ങി. കശ്മീരി ഗേറ്റിലേക്കുള്ള റോഡിലേക്കും ഭൈറോണ്‍ മാര്‍ഗിലും വെള്ളം ഒഴുകിയെത്തി. മജ്നു കാടിലയില്‍ വീടുകളിലും കടകളിലും വെള്ളം കയറിയിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വീടിന്റെ സമീപവും വെള്ളംപൊങ്ങി. ഹരിയാനയിലെ ഹത്നികുണ്ഡ് അണക്കെട്ട് തുറന്നതാണ് യമുനയില്‍ ജലനിരപ്പ് ഉയരാന്‍ കാരണം. അപകടസൂചനയിൽ നിന്ന് മൂന്ന് മീറ്റർ മുകളിലാണ് നിലവിലെ ജലനിരപ്പ്. യമുനയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ, താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് മാറി താമസിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അഭ്യര്‍ഥിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടതുണ്ട്. അതിനാല്‍ യമുന നദിയുടെ തീരത്ത് താഴ്ത്ത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഉടന്‍ തന്നെ മാറി താമസിക്കണമെന്നാണ് കെജരിവാള്‍ ആവശ്യപ്പെട്ടത്.
ഇതിനോടകം തന്നെ ആയിരക്കണക്കിന് ആളുകള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയിട്ടുണ്ട്. അതേസമയം, മഴ മാറിനിന്നതോടെ ഹിമാചൽ പ്രദേശിൽ, റോഡ് ഗതാഗതവും വാർത്താവിനിമയ ബന്ധങ്ങളും പുന:സ്ഥാപിക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ അന്‍പതിലേറെപേർ മരിച്ചു. ഉത്തരാഖണ്ഡ്, യുപി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും ആൾനാശമുണ്ട്. ജമ്മു കാഷ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന് സംസ്ഥാനങ്ങളിലെ ഭൂരിഭാഗം നദികളും കരകവിഞ്ഞൊഴുകുകയാണ്.