ന്യൂഡൽഹി : ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജിയിൽ വിധി ഇന്ന്. ഡൽഹി റോസ് അവന്യു കോടതിയാണ് കേസിൽ വൈകീട്ട് നാലിന് വിധി പറയുക. ഇന്ന് രാവിലെ കേസ് പരിഗണിച്ചെങ്കിലും വൈകീട്ട് വിധി പറയാനായി മാറ്റുകയായിരുന്നു.
എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെജ്രിവാളിന് അയച്ച സമൻസ് പാലിക്കാത്തതിന് ഫെബ്രുവരി 3നാണ് അന്വേഷണ ഏജൻസി കോടതിയെ സമീപിച്ചത്. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ദിവ്യ മൽഹോത്രയ്ക്ക് മുമ്പാകെ സമർപ്പിച്ച പരാതി ഫെബ്രുവരി ഏഴിന് കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റുകയായിരുന്നു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസി ഇതുവരെ അരവിന്ദ് കെജ്രിവാളിന് അഞ്ച് തവണയാണ് സമൻസ് അയച്ചിരിക്കുന്നത്.
അറസ്റ്റ് ചെയ്യാനുള്ള നിയമവിരുദ്ധമായ ശ്രമങ്ങളാണിതെന്ന് ചൂണ്ടികാട്ടിയാണ് കെജ്രിവാൾ സമൻസ് ഒഴിവാക്കിയത്. “കെജ്രിവാളിനെ അറസ്റ്റ് ചെയ്യുകയാണ് മോദി ജിയുടെ ലക്ഷ്യം. തന്നെ അറസ്റ്റു ചെയ്ത് ഡൽഹി സർക്കാരിനെ താഴെയിറക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്” കെജ്രിവാൾ പറഞ്ഞു.