ന്യൂഡൽഹി : 1984-ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലർ ഹാജരാകണമെന്ന് ഡൽഹി ചീഫ് മെട്രോപൊലീറ്റൻ മജിസ്ട്രേറ്റ് കോടതി. കേസിന്റെ വിചാരണയ്ക്കായി ഓഗസ്റ്റ് അഞ്ചിന് ടൈറ്റ്ലർ ഹാജരാകണമെന്ന് കോടതി സമൻസ് നൽകി. കലാപത്തിന് ആഹ്വാനം നൽകിയെന്നും ജനത്തെ അക്രമം നടത്താൻ പ്രേരിപ്പിച്ചെന്നും ആരോപിച്ച് മേയ് 20-ന് ടൈറ്റ്ലർക്കെതിരെ സിബിഐ ചാർജ്ഷീറ്റ് ഫയൽ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമൻസ് അയയ്ക്കൽ നടപടി. ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ, 1984 നവംബർ ഒന്നിന് ഡൽഹിയിലെ ആസാദ് മാർക്കറ്റ് മേഖലയിലെ ഫുൽ ബംഗാഷ് പ്രദേശത്ത് വച്ച് ടൈറ്റ്ലർ സിഖ് വിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് കേസ്. ഐപിസി 147, 109, 302 എന്നീ വകുപ്പുകളാണ് ടൈറ്റ്ലർക്കെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്. ടൈറ്റ്ലറുടെ പ്രസംഗത്തിന് പിന്നാലെ ഠാക്കുർ സിംഗ്, ബാദൽ സിംഗ്, ഗുരുചരൺ സിംഗ് എന്നീ മൂന്ന് സിഖ് വംശജർ കൊല്ലപ്പെടുകയും ഗുരുദ്വാര തീവച്ച് നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.