ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ കെജ്രിവാളിന്റെ ഹർജിയിൽ ഇ.ഡിയോട് മറുപടി തേടി ഡൽഹി ഹൈക്കോടതി. ഇ.ഡിക്ക് രണ്ടാഴ്ച സമയം അനുവദിച്ച കോടതി ഏപ്രിൽ 22ന് കേസ് പരിഗണിക്കാൻ മാറ്റി. ഹർജി നിലനിൽക്കില്ലെന്ന് ഇ ഡി വാദിച്ചു. ഡൽഹി മദ്യനയ അഴിമതി കേസിൽ ഉയർന്ന പദവികളിൽ ഉള്ളവരെ അറസ്റ്റ് ചെയ്തേക്കുമെന്ന് സിബിഐ വ്യക്തമാക്കിയതിനു പിന്നാലെയാണ് കെജ്രിവാൾ ഹൈക്കോടതിയിൽ എത്തിയത്.
ഇ.ഡി യുടെ ഒൻപതാം സമൻസിനു പിന്നാലെയാണ് കെജ്രിവാളിന്റെ ഹർജി.എന്തുകൊണ്ടാണ് നിങ്ങൾ ഇഡിക്ക് മുന്നിൽ ഹാജരാകാത്തത് എന്ന് കെജ്രിവാളിനോട് ഡൽഹി ഹൈക്കോടതി ചോദിച്ചു. അറസ്റ്റിനെ ഭയപ്പെടുന്നുവെന്നും സംരക്ഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു . ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഒമ്പത് സമൻസുകളാണ് കെജ്രിവാളിന് ഇ.ഡി ഇതുവരെ അയച്ചത്. എന്നാൽ ഇതുവരെ അദ്ദേഹം ഇ.ഡിക്ക് മുന്നിൽ ഹാജരായിട്ടില്ല. ഞായറാഴ്ചയാണ് ഒമ്പതാമത്തെ സമൻസ് ഇ.ഡി അയച്ചത്.
മദ്യനയ അഴിമതിക്കേസിന് പിന്നാലെ ഡൽഹി ജലബോർഡുമായി ബന്ധപ്പെട്ട അന്വേഷണത്തിനും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചതായി ഡൽഹി മന്ത്രിയും ആപ്പ് നേതാവുമായ അതിഷി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കെജ്രിവാളിന് ഇ.ഡിയുടെ പുതിയ സമൻസ് ലഭിച്ചത്. ഡൽഹി ജലബോർഡുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് സമൻസ്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് അദ്ദേഹത്തെ തടയാനാണ് പ്രധാനമന്ത്രിയും ഇ.ഡിയും സി.ബി.ഐയും ലക്ഷ്യമിടുന്നത്. ഇതിനായി തുടർച്ചയായി സമൻസ് അയക്കുന്നു. കോടതി വിധിക്കായി കാത്തിരിക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. കെജ്രിവാളിനെ ജയിലിൽ അടക്കാനാണ് ബി.ജെ.പി നീക്കമെന്നും ആം ആദ്മി നേതാക്കൾ പറഞ്ഞിരുന്നു.