ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും തെലങ്കാന നിയമസഭാംഗം കെ കവിതയുടെയും കസ്റ്റഡി നീട്ടി. 14 ദിവസത്തേക്കാണ് ഇരുവരുടേയും ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയത്. ഡല്‍ഹി തിഹാര്‍ ജയിലില്‍ കഴിയുന്ന ആംആദ്മി പാര്‍ട്ടി മേധാവിയെയും മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകള്‍ കവിതയെയും അടുത്ത മെയ് 7 ന് കോടതിയില്‍ ഹാജരാക്കും.
കെജ്രിവാളിന്റെ ചികിത്സയ്ക്ക് ആവശ്യമുള്ള ഇന്‍സുലിന്‍ നല്‍കണമെന്ന് കോടതി ഇന്ന് രാവിലെ വിധിച്ചിരുന്നു. ടൈപ്പ് 2 പ്രമേഹ രോഗിയായ കെജ്രിവാളിന് 32 ദിവസത്തിനു ശേഷമാണ് ഇന്‍സുലിന്‍ ആദ്യ ഷോട്ട് ലഭിച്ചത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് 320 mg/dl എന്ന നിലയില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് കുത്തിവയ്പ്പ് നല്‍കിയത്. ഇന്‍സുലിന്‍ കുത്തിവയ്പ്പ് ആവശ്യപ്പെട്ട് കെജ്രിവാള് കഴിഞ്ഞയാഴ്ച കോടതിയെ സമീപിച്ചിരുന്നു, എന്നാല്‍ ED ഹര്‍ജിയെ എതിര്‍ത്തിരുന്നു, ഗ്ലൂക്കോസ് അളവ് ഉയര്‍ത്താനും മെഡിക്കല്‍ ജാമ്യത്തിന് അപേക്ഷ നല്‍കാനും മുഖ്യമന്ത്രി മനഃപൂര്‍വം പഞ്ചസാര കൂടിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിച്ചുവെന്നാണ് ഇഡി കോടതിയില്‍ വാദിച്ചത്. മുഖ്യമന്ത്രിയുടെ ആരോഗ്യനില വിലയിരുത്താനും ഇന്‍സുലിന്‍ ആവശ്യമുണ്ടോ എന്ന് നിശ്ചയിക്കാനും ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.