ന്യൂഡല്‍ഹി : ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് ഭരണം പിടിച്ചെടുത്ത് ബിജെപി. ബിജെപിയുടെ രാജ ഇഖ്ബാല്‍ സിങ് ഡല്‍ഹിയുടെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മന്ദീപ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് ജയിച്ചു കയറിയത്. 133 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. എട്ട് വോട്ടുകള്‍ മാത്രമാണ് മന്ദീപ് സിങ്ങിന് നേടാനായത്. ഒരു വോട്ട് അസാധുവായി.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ബിജെപി അധികാരം നേടുന്നത്. കോണ്‍ഗ്രസ് നേതാവ് ആരിബ ആസിഫ് ഖാന് നാമനിര്‍ദ്ദേശം പിന്‍വലിച്ചതോടെ ബിജെപിയുടെ ജയ് ഭഗവാന് യാദവ് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു.
ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതും ബിജെപിയ്ക്ക് നേട്ടമായി. 250 അംഗ കോര്‍പ്പറേഷനില്‍ 12 അംഗങ്ങളുടെ ഒഴിവ് നികത്താനുണ്ട്. ശേഷിക്കുന്ന 238 അംഗങ്ങളില്‍ ബിജെപിക്ക് 117 കൗണ്‍സിലര്‍മാരുള്ളപ്പോള്‍ എഎപിക്ക് 113 പേരുടെ പിന്തുണയാണുള്ളത്. കോണ്‍ഗ്രസിന് എട്ട് കൗണ്‍സിലര്‍മാരും. കൗണ്സിലര്മാരെക്കൂടാതെ പത്ത് എംപിമാരും സ്പീക്കര്‍ നോമിനേറ്റ് ചെയ്യുന്ന 14 എംഎല്‍എമാരും അടങ്ങുന്ന ഇലക്ടറല്‍ കോളജ് ആണ് മേയറെ തെരഞ്ഞെടുക്കുന്നത്.