റാഞ്ചി: മോദി വിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതിൽനിന്ന് രാഹുൽ ഗാന്ധിക്ക് ജാർഖണ്ഡ് ഹൈക്കോടതി ഇളവ് അനുവദിച്ചു.
ഓഗസ്റ്റ് 16 വരെ റാഞ്ചിയിലെ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാഹുൽ ഗാന്ധിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുന്നത് പോലുള്ള നടപടികൾ തടഞ്ഞ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
മാനനഷ്ടക്കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ ജാർഖണ്ഡ് ഹൈക്കോടതിയിൽ ക്രിമിനൽ റിട്ട് ഹർജി നൽകിയിരുന്നു. എല്ലാ കള്ളന്മാരുടെയും പേരില്‍ മോദി ഉണ്ടെന്ന രാഹുലിന്റെ പരാമര്‍ശമാണ് കേസിനിടയാക്കിയത്. ഇത് മോദി സമുദായത്തില്‍പ്പെട്ടവര്‍ക്ക് അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പരാതി.