ന്യൂഡല്‍ഹി : ഓപ്പറേഷന് സിന്ദൂറിന്റെ വിജയത്തിന് പിന്നാലെ അധിക ബജറ്റ് വിഹിതമായി പ്രതിരോധ മേഖലയ്ക്ക് 50,000 കോടി രൂപ നീക്കിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സേനയ്ക്ക് പുതിയ ആയുധങ്ങളും സാങ്കേതിക വിദ്യകളും സ്വന്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതിന് അംഗീകാരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച ബജറ്റില്‍ പ്രതിരോധമേഖലയ്ക്കായി നീക്കിവെച്ചത് 6.81 ലക്ഷം കോടിരൂപയാണ്. അതിന് മുന്‍വര്‍ഷത്തെ ബജറ്റില്‍ ഇത് 6.2 ലക്ഷം കോടിയായിരുന്നു. ഒന്‍പത് ശതമാനമാണ് വര്‍ധന. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ പ്രതിരോധ ബജറ്റ് ഏകദേശം മൂന്നിരട്ടിയായി വര്‍ധിച്ചു. 2014-15 ബജറ്റില്‍ ഇത് 2.29 ലക്ഷം കോടിയായിരുന്നു.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ അംഗീകാരത്തോടെ അധിക വിഹിതം ലഭിക്കുന്ന പ്രതിരോധ സേനയ്ക്ക് കൂടുതല്‍ യുദ്ധോപകരണങ്ങള്‍, ഗവേഷണം എന്നിവയ്ക്ക് പണം കണ്ടെത്താനാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഏപ്രില്‍ 22ന് കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരെ വെടിവച്ചുകൊന്ന ഭീകരാക്രമണത്തിന് നല്കിയ തിരിച്ചടി ഇന്ത്യന്‍ പ്രതിരോധ സേനയുടെ മികവ് തെളിയിക്കുന്നതായിരുന്നു. പാകിസ്ഥാന്റെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സേന നൂറിലധികം ഭീകരെ കൊലപ്പെടുത്തുകയും ചെയ്തു. അതിന് മറുപടിയായി പാക് സൈന്യം നടത്തിയ ആക്രമണങ്ങളെ ഇന്ത്യന്‍ സേന പ്രതിരോധിക്കുകയം ചെയ്തു. പാകിസ്ഥാന് ഉപയോഗിച്ച ഡ്രോണുകളും മിസൈലുകളുമെല്ലം യഥാസമയം നിര്‍വീര്യമാക്കാനും പ്രതിരോധ സേനയ്ക്ക് കഴിഞ്ഞു