ന്യൂഡല്‍ഹി : മോദി പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീലിന് അടിയന്തര സ്റ്റേ അനുവദിക്കാതെ സുപ്രീംകോടതി. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഓഗസ്റ്റ് നാലിന് ഹര്‍ജി വീണ്ടും പരിഗണിക്കും. അപകീര്‍ത്തിക്കേസിലെ ശിക്ഷ സ്റ്റേ ചെയ്യാതിരുന്ന ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ജസ്റ്റീസുമാരായ ബി.ആര്. ഗവായ്, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പരാതിക്കാരനായ പൂര്‍ണേഷ് മോദിക്കും ഗുജറാത്ത് സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനാല്‍ ഒരു ലോക്സഭാ സെഷന് പൂര്‍ണമായി രാഹുലിന് നഷ്ടപെട്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ മനു അഭിഷേക് സിംഗ്വി കോടതിയെ അറിയിച്ചു.
വയനാട്ടില്‍ ഉടനെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യത കണക്കിലടുത്ത് അടിയന്തര സ്റ്റേ അനുവദിക്കണമെന്നും അഭിഭാഷകന് ആവശ്യപ്പെട്ടു. എന്നാല്‍ പരാതിക്കാരന്റെ വാദം കേള്‍ക്കാതെ ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. അതേസമയം കേസില്‍ വാദം തുടങ്ങുന്നതിന് മുമ്പ് തന്റെ കുടുംബത്തിന് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്നും അതുകൊണ്ട് താന്‍ കേസില്‍നിന്ന് പിന്മാറുകയാണെന്നും ജസ്റ്റീസ് ഗവായ് പറഞ്ഞു. എന്നാല്‍ ഇത് തങ്ങള്‍ക്ക് പ്രശ്നമല്ലെന്ന് ഇരുകക്ഷികളുടെയും അഭിഭാഷകര്‍ കോടതിയെ അറിയിച്ചതോടെയാണ് ഹര്‍ജിയില്‍ അദ്ദേഹം വാദം കേട്ടത്.