ന്യൂഡൽഹി: മാനനഷ്ടക്കേസിൽ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി പരാമർശം സംബന്ധിച്ചുള്ള അപകീർത്തി കേസിൽ, സൂറത്ത് കോടതിയുടെ ശിക്ഷാ വിധിയിയ്ക്കെതിരെയാണ് അപ്പീൽ സമർപ്പിച്ചത്.
കേസിൽ കുറ്റക്കാരനെന്ന് വിധിച്ചതോടെയാണ് എം പി സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി അയോഗ്യത നേരിട്ടത്. ശിക്ഷ സൂറത്ത് കോടതി സ്റ്റേ ചെയ്യാതെ വന്നതോടെ രാഹുൽ ഗുജറാത്ത് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാൽ നിരാശയായിരുന്നു ഫലം. പിന്നാലെ അവസാന മാർഗമെന്നോണമാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാമർശം നടത്തിയതിനാൽ മോദിക്ക് മാത്രമേ മാനനഷ്ടക്കേസ് സമർപ്പിക്കാനാവൂ എന്ന നിലപാട് സുപ്രീംകോടതിയിലും രാഹുൽ ആവർത്തിച്ചേക്കും. മോദി എന്ന് പേരുളള എല്ലാവരെയും കളളന്മാരുമായി താരതമ്യം ചെയ്തെന്ന കോടതിയുടെ കണ്ടെത്തൽ തെറ്റാണ്. പ്രതിപക്ഷത്തെ നേതാവെന്ന നിലയിൽ ഭരണാധികാരികളെ വിമർശിക്കേണ്ടത് ഉത്തരവാദിത്വമാണെന്നാണ് രാഹുലിന്റെ നിലപാട്.
രാജ്യത്തെ പരമോന്നത കോടതിയും അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ കോൺഗ്രസ് നേതാവിന്റെ അയോഗ്യത തുടരും. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനേൽക്കുന്ന കനത്ത തിരിച്ചടിയാകുമത്. കൂടാതെ രാഹുൽ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് അടക്കമുള്ള നടപടികളും പിന്നാലെയുണ്ടാകും.
വയനാട് എം പി സ്ഥാനം പുനഃസ്ഥാപിക്കാനും പാർലമെന്റ് നടപടികളിൽ പങ്കെടുക്കാനും സ്റ്റേ അനിവാര്യമാണ് അതിനാൽ തന്നെ രാഹുൽ ഗാന്ധിയുടെ അയോഗ്യത കുരുക്ക് അഴിക്കാൻ ഇനി സുപ്രീംകോടതി മാത്രമാണ് കോൺഗ്രസിന് ഏക ആശ്രയം. .