കൊച്ചി : സർക്കാരുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമിയുള്ളത് കത്തോലിക്ക സഭയ്ക്കാണെന്ന ആർഎസ്എസ് മുഖപത്രം ഓർഗനൈസറിന്റെ ലേഖനത്തിന് മറുപടിയുമായി ദീപിക. ലേഖനം ക്രൈസ്തവരുടെ സംഭാവനകളെ വക്രീകരിക്കുന്നത്. ലേഖനം പിന്‍വലിച്ചെങ്കിലും ഉള്ളടക്കം ആർഎസ്എസ് നിഷേധിച്ചിട്ടില്ല. ചർച്ച് ബില്ല് വഴിയാണ് സഭക്ക് ഭൂമി കിട്ടിയെന്ന വാദം നുണയാണെന്നും ദീപികയിലെ മുഖപ്രസംഗത്തിൽ വിമർശനം.
1927 ല്‍ ബ്രിട്ടീഷുകാർ കൊണ്ടുവന്ന ക്രൈസ്തവരുടെ ന്യൂനപക്ഷ അവകാശങ്ങള്‍ കവരാന്‍ സിപിഎമ്മും കോണ്‍ഗ്രസും ശ്രമിച്ചിട്ടുണ്ട്. എം.എ ബേബി മന്ത്രിയായിരിക്കെ ക്രൈസ്തവർ ന്യൂനപക്ഷമല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു. ഓർഗനൈസറിന് നന്ദി എന്ന തലക്കെട്ടില്‍ ഡോ. കെ എം ഫ്രാന്‍സിസിന്റെ പേരിലാണ് തുടർലേഖനം.
”ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭാരതത്തിൽ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നേടാനുള്ള സാഹചര്യമൊരുക്കി. ഇക്കാര്യത്തിൽ ഓരോ പ്രദേശത്തും ഉണ്ടായിരുന്ന രാജാക്കന്മാരാണു സഹായിച്ചിരുന്നത്. ഉദാഹരണമായി, ഭാരതത്തിലെ ആദ്യത്തെ ഉന്നതവിദ്യാഭ്യാസ കേന്ദ്രം കോട്ടയം സിഎംഎസ് കോളജാണ്. 1855 മുതൽ സിഎംഎസ് കോളജ് സർക്കാർ സഹായിക്കുന്ന (എയ്ഡഡ്) കലാലയമായി മാറി. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നല്കുന്ന സഹായം ഔദാര്യമാണോ? അന്നുമുതൽ ഇന്നുവരെ ഇക്കാര്യത്തെക്കുറിച്ച് നടത്തിയ പഠനങ്ങൾ തെളിയിക്കുന്ന ചില വസ്തുതകളുണ്ട്. ഒന്നാമതായി ജനങ്ങൾക്കു വിദ്യാഭ്യാസം, ആതുര ശുശ്രൂഷ എന്നിവ നൽകേണ്ട ചുമതല ക്രൈസ്തവരുടേതല്ല, സർക്കാരിന്റേതാണ്. അതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും തുടങ്ങുന്നവർ സർക്കാരിനെ സഹായിക്കുകയാണ്.
രണ്ടാമതായി ഒരു സർക്കാർ സ്ഥാപനത്തിൽ ഒരു വിദ്യാർഥിയെ പഠിപ്പിക്കാൻ സർക്കാരിനു വരുന്ന ചെലവിന്റെ 65 ശതമാനമാണ് ഒരു എയ്ഡഡ് സ്ഥാപനത്തിൽ ഒരു വിദ്യാർഥിയെ പഠിപ്പിക്കാൻ സർക്കാരിനു വരുന്നത്. അതിനാൽ എയ്ഡഡ് സ്ഥാപനങ്ങൾ നിലനിർത്തുന്നതിലൂടെ കോടിക്കണക്കിനു രൂപയാണ് സർക്കാർ ഖജനാവിലേക്കു വരുന്നത്. ജീവനക്കാർക്ക് വേതനം നൽകുക എന്ന ബാധ്യതയൊഴികെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനു വേണ്ടിവരുന്ന എല്ലാ ചെലവും വഹിക്കുന്നത് മാനേജ്മെന്റുകളാണ്. ക്രൈസ്തവ മാനേജ്മെന്റുകളുടെ കാര്യത്തിൽ സഭാംഗങ്ങളുടെ പങ്കാളിത്തത്തോടെ സ്വരൂപിക്കുന്ന വരുമാനത്തിൽനിന്നാണ് അതു കണ്ടെത്തുന്നത്” ലേഖനത്തിൽ പറയുന്നു.
സർക്കാർ കൊണ്ടുവന്ന ചർച്ച് ബില്ലിലൂടെ കത്തോലിക്കാ സഭയ്ക്ക് പാട്ടത്തിനു കിട്ടിയ ഭൂമിയാണെന്നുമാണ് മറ്റൊരു നുണ. ഒന്നാമതായി, കത്തോലിക്കാ സഭ എന്ന പേരിൽ ഭാരതത്തിൽ എവിടെയും ഭൂമി സ്വന്തമായിട്ടില്ല, സ്ഥാപനവും സ്വന്തമായിട്ടില്ല. ക്രൈസ്തവരുടെ ചെറിയ കൂട്ടായ്മകൾക്കു സ്വന്തമായി ഭൂമിയുണ്ട്, സ്ഥാപനങ്ങളുണ്ട്. അവയെല്ലാം ഭരണഘടനയുടെ കീഴിൽ റവന്യു അധികാരത്തോടെ കൈവശം വയ്ക്കുന്ന ഭൂമികളാണ്. അവയിൽ ചിലത് രാജാക്കന്മാർ നൽകിയ ഭൂമികളാണ്. പ്രസ്തുത ഭൂമി രാജാക്കന്മാർക്ക് ചെയ്ത സേവനത്തിന്റെ പ്രതിഫലമായി രാജാക്കന്മാർ നൽകിയതോ അല്ലെങ്കിൽ, രാജാവിന്റെ ആവശ്യം നിറവേറ്റാൻ അവർ നൽകിയതോ ആയിരിക്കും…ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.