കത്തോലിക്കാ സഭയുടെ പത്രമായ ദീപികയുടെ മുഖപ്രസംഗത്തിന്റെ ഈ തലവാചകം വര്‍ഗീയതയെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പ്രവണതകള്ക്കെതിരായുളള ശക്തമായ താക്കീതാണ്. മതത്തെയല്ല തീവ്രവാദത്തെയാണ് നാം ചെറുക്കുന്നതെന്നാണ്
ഈ മുഖപ്രസംഗത്തിലൂടെ കേരളത്തിലെ കത്തോലിക്കാസഭ അസന്നിഗ്ധമായി വ്യക്തമാക്കിയത്. സഭയുടെ രണ്ടു രൂപതകള്‍, ഇടുക്കിയും താമരശേരിയും, വിവാദമായ കേരളാസ്റ്റോറിയെന്ന സിനിമ പ്രദര്‍ശിപ്പിക്കുകയും അതേച്ചൊല്ലി വലിയ വിമര്‍ശനങ്ങള്‍ ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ദീപികയുടെ മുഖപ്രസംഗം കേരളമാകെ ചര്‍ച്ച ചെയ്യപ്പെട്ടത്.
‘കത്തോലിക്കാ സഭയുടെ പേരു പറഞ്ഞ് വര്‍ഗീയതയുടെ വിഷം വിളമ്പാന്‍ ആരും ഇലയിടേണ്ട. കൃത്യമായി പറഞ്ഞാല്‍, ആഗോള ഇസ്ലാമിക തീവ്രവാദത്തെയും ഹിന്ദു വര്‍ഗീയവാദത്തെയും ന്യൂനപക്ഷ വിരുദ്ധതയെയും അഹിംസാമാര്‍ഗങ്ങളിലൂടെ എതിര്‍ത്തിട്ടുള്ള കത്തോലിക്കാ സഭ സ്വന്തം ചെലവില്‍ ഒരു വര്‍ഗീയപ്രസ്ഥാനത്തെയും വളര്‍ത്തിയെടുക്കില്ല. മതത്തെയല്ല, തീവ്രവാദത്തെയാണ് നാം ചെറുക്കുന്നത്. സ്വന്തം മതമൗലികവാദത്തെ ഓമനിച്ചു വളര്‍ത്തിക്കൊണ്ട് മറ്റെല്ലാ മതങ്ങളുടെയും തീവ്രവാദത്തെയും വര്‍ഗീയവാദത്തെയും പ്രതിരോധിക്കാനിറങ്ങുന്ന കാപട്യത്തെ കേരളം ഏറ്റെടുക്കില്ല.’ മുഖപ്രസംഗത്തിൽ സംശയത്തിനിട നൽകാതെ ദീപിക എഴുതി.
കേരളാസ്റ്റോറി എന്ന സിനിമയുടെ പ്രദര്‍ശനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് മുസ്ളീം വിരോധം പടര്‍ത്തുന്നവര്‍ ആണെന്നും കത്തോലിക്കാസഭയുടെ ചെലവില്‍ ആരും അതു ചെയ്യേണ്ടെന്നും എല്ലാ വര്‍ഗീയതകളെയും സഭ ഒരേ കണ്ണിലൂടെയാണ് കാണുന്നതെന്നുമാണ് മുഖപ്രസംഗം അടിവരയിട്ടുപറയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മധ്യത്തിലാണ് ലൗ ജിഹാദ് അടിസ്ഥാനമാക്കിയ കേരളസ്റ്റോറി എന്ന ചലച്ചിത്രം ദൂരദര്ശന് പ്രദര്‍ശിപ്പിക്കുന്നത്. ഇതിനെതിരെ കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള മുഖ്യധാരാകക്ഷികള്‍ വലിയ എതിര്‍പ്പുയര്‍ത്തി. എന്നാല്‍ അതോടൊപ്പം കത്തോലിക്കാ സഭയുടെ രണ്ടു പ്രബല രൂപതകളായ ഇടുക്കിയും താമരശേരിയും ഈ ചലച്ചിത്രം തങ്ങളുടെ വിശ്വാസികള്‍ക്കിടയില്‍ പ്രദര്‍ശിപ്പിച്ചു. ഇത് കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം ഒരു രാഷ്ട്രീയ പ്രഖ്യാപനം പോലെയായി തീര്‍ന്നു. തെരഞ്ഞെടുപ്പില്‍ സഭ ബിജെപിയെ രഹസ്യമായി പിന്തുണക്കുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങള്‍ പല ഭാഗത്തുനിന്നുമുണ്ടായി. ബിജെപിയാകട്ടെ ഇത്തവണ കത്തോലിക്കാസഭയുടെ പിന്തുണ തങ്ങള്‍ക്കാണ് എന്ന മട്ടിലുളള പ്രചാരണവും നടത്തി. ഇതോടെയാണ് സഭക്ക് തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ട സാഹചര്യമുണ്ടായത്.
ബിജെപിയെ പിന്തുണക്കുക മാത്രമല്ല കേരളത്തിലേ കത്തോലിക്കാസഭക്ക് മുസ്ലിം വിരുദ്ധത ഉണ്ടെന്ന പ്രചാരണം വലിയ അസ്വസ്ഥതയാണ് സഭാ കേന്ദ്രങ്ങളില്‍ ഉണ്ടാക്കിയത്. സഭയുടെ പേരില്‍ പലരും നഗ്നമായ രീതിയിലുള്ള വര്‍ഗീയത പ്രചരിപ്പിക്കുന്നതും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ഇതോടെ നിലപാട് വ്യക്തമാക്കാതിരിക്കാന്‍ പറ്റില്ലെന്ന അവസ്ഥയുണ്ടായി. ബിജെപിയെ നിരുപാധികമായി പിന്തുണക്കുന്നവെന്ന പ്രചാരണം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് സഭാനേതൃത്വത്തിന് വ്യക്തമായി. ഇതോടെയാണ് കാസ അടക്കമുള്ള തീവ്രഗ്രൂപ്പുകളെ പരോക്ഷമായെങ്കിലും തള്ളിപ്പറയാന്‍ കത്തോലിക്കാ സഭ തയ്യാറായത്. സഭ ബിജെപിയെ പിന്തുണക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങളിൽ കോണ്‍ഗ്രസും സിപിഎമ്മും വളരെ അസ്വസ്ഥരായിരുന്നു. കേരളത്തില്‍ ബിജെപിയെ പിന്തുണക്കുന്നത് ആത്മഹത്യാപരമാണെന്ന തിരിച്ചറിവ് സഭക്കുണ്ട്. മാത്രമല്ല കേരളാസ്റ്റോറി പ്രദര്‍ശിപ്പിച്ചതിനെതിരെ ചില ഇടവകകള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തുകയും ചിലയിടങ്ങളില്‍ ഇടവക വികാരികള്‍ ഇടപെട്ട് സിനിമക്ക് ബദലായി മണിപ്പൂര്‍ ഡോക്കുമെന്ററി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
കേരളത്തില്‍ ബിജെപിക്ക് കത്തോലിക്കാ സഭയുടെ പിന്തുണയില്ലെന്ന അസന്നിഗ്ധമായ പ്രഖ്യാപനം കൂടിയായി ഈ മുഖപ്രസംഗം. എല്ലാത്തരം വര്‍ഗീയതകളെയും ഭീകരപ്രവര്‍ത്തനങ്ങളെയും സഭ ഒരുപോലെ എതിര്‍ക്കുന്നു. ‘വിശ്വാസികളോടല്ല, വര്ഗീയവാദികളോടാണ് നാം മാനിഷാദ എന്നു പറയുന്നത്. ക്രൈസ്തവരെ രക്ഷിക്കാനെന്ന മുഖംമൂടിയിട്ട് ഇതര മതസ്ഥരെ അവഹേളിക്കുന്ന ക്രിസ്ത്യന്‍ നാമധാരികള്‍ ആരായാലും സഭയുടെ തോളിലിരുന്നു ചെവി തിന്നേണ്ട. അന്ത്യ അത്താഴവേളയില്‍ ക്രിസ്തു കാസയിലെടുത്തു കൊടുത്തത് സ്വന്തം രക്തമാണ്, അപരന്റെയല്ല. അതു തിരിച്ചറിയാത്തവര്‍ ആരായാലും ബലിവസ്തു പീഠത്തില്‍ വച്ചിട്ട് ക്രിസ്തുവിനെയും തന്നെത്തന്നെയും തിരിച്ചറിഞ്ഞിട്ടു വേണം ബലിയര്‍പ്പിക്കാന്‍.’ തെരെഞ്ഞെടുപ്പിന് മുമ്പ് ഇത്രക്ക് കൃത്യവും വ്യക്തവുമായി സഭ നിലപാട് വ്യക്തമാക്കണമെങ്കില്‍ അത്രക്കുള്ള സമ്മര്‍ദ്ദം പലഭാഗത്തു നിന്നും സഭക്ക് ഉണ്ടായി എന്ന് വ്യക്തമാണ്. തങ്ങള്‍ തന്നെ തുറന്നുവിട്ട ഭൂതമാണ് ലൗ ജിഹാദ് ആരോണപവും മുസ്ലിം വിരുദ്ധതയും. അതിനെ തങ്ങള്‍ തന്നെ കൂട്ടിലടക്കുന്നതാണ് നല്ലതെന്ന് സഭക്ക് മനസിലായി. ഈ തെരഞ്ഞെടുപ്പുകാലത്ത് കൃത്യമായ നിലപാട് പ്രഖ്യാപിച്ചില്ലങ്കില്‍ പിന്നീട് അതിന് വലിയ വില കൊടുക്കേണ്ടിവരുമെന്നും സഭാപിതാക്കന്മാര്ക്ക് വ്യക്തമായി. ഇതോടെയാണ് മുഖപ്രസംഗത്തിലൂടെ നിലപാട് വ്യക്തമാക്കാൻ സിറോ മലബാര്‍ സഭ തീരുമാനിച്ചത്.