കോട്ടയം : കെപിസിസി അധ്യക്ഷ ചര്‍ച്ചയില്‍ കാത്തോലിക്ക സഭ ഇടപെട്ടെന്ന വാര്‍ത്തകള്‍ തള്ളി സഭയുടെ മുഖപത്രം ദീപികയുടെ മുഖപ്രസംഗം. അധ്യക്ഷന്റെ മതം അല്ല പാര്‍ട്ടിയുടെ മതേതരത്വം ആണ് മുഖ്യമെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ടാണ് മുഖപ്രസംഗം. കോണ്‍ഗ്രസ് നേതൃത്വത്തെ ദീപിക മുഖപ്രസംഗം രൂക്ഷമായി വിമര്‍ശിച്ചു. ഭരണത്തില്‍ എത്തുമെന്ന് തോന്നിയപ്പോള്‍ ഉള്ള കലാപമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. അതാണ് കെപിസിസി അധ്യക്ഷന്റെ കാര്യത്തില്‍ കാണുന്നത്. ഞങ്ങള്‍ക്ക് ഇത്ര മന്ത്രി വേണം ,കെപിസിസി അധ്യക്ഷ പദവി വേണം എന്നൊന്നും പറയാന്‍ കത്തോലിക്കാ സഭയില്ല. സ്ഥാനമാനങ്ങളുടെ വീതം വെപ്പല്ല പ്രധാനം. നീതിയുടെ വിതരണമാണ് പ്രധാനം എന്നും ദീപിക മുഖപ്രസംഗം ഓര്‍മിപ്പിച്ചു.
അധ്യക്ഷന്റെ മതമല്ല മതേതരത്വമാണ് മുഖ്യം എന്ന തലക്കെട്ടിലാണ് ദീപിക മുഖപ്രസംഗം. പാര്‍ട്ടിയിലെ അധികാരക്കൊതിയും അന്തച്ഛിദ്രങ്ങളും പരിഹരിക്കാന്‍ പ്രാപ്തിയുള്ള ആരെയെങ്കിലും പ്രസിഡന്റാക്കിയാല്‍ കോണ്‍ഗ്രസിന് കൊള്ളാമെന്നും മുഖപ്രസംഗം ആഞ്ഞടിക്കുന്നു. സുധാകരന് പകരം ഒരു ക്രൈസ്തവനെ അധ്യക്ഷനാക്കണമെന്ന നിര്‍ദേശം പാര്‍ട്ടിയില്‍ ഉയര്‍ന്ന് വന്നിരിക്കാമെന്നും അതിന്റെ മറപിടിച്ച് അതില്‍ കത്തോലിക്ക സഭയുടെ ഇടപെടല്‍ ആരോപിക്കുന്നത് വെറും കിംവദന്തി മാത്രമാണെന്നും മുഖപ്രസംഗത്തിലൂടെ സഭ വ്യക്തമാക്കി.
പാര്‍ട്ടി തര്‍ക്കത്തില്‍ മതനേതാക്കള്‍ക്ക് എന്ത് പങ്കാണുള്ളതെന്ന് അറിയില്ലെന്നും ദീപിക മുഖപ്രസംഗത്തിലുണ്ട്. മറ്റുള്ളവര്‍ക്കെന്നപോലെ ക്രൈസ്തവര്‍ക്കും പാര്‍ട്ടിയിലെ സ്ഥാനമാനങ്ങളല്ല മറിച്ച് ജനാധിപത്യ സംവിധാനത്തില്‍ ഭരണഘടനാനുസൃതമായ അവകാശങ്ങളും പ്രാതിനിധ്യവുമാണ് വേണ്ടത്. പാര്‍ട്ടികളിലെ ഉള്‍പ്പാര്‍ട്ടി ശത്രുതയും കാലുവാരലും ജനങ്ങള്‍ ആഗ്രഹിക്കാത്ത സര്‍ക്കാര്‍ അധികാരത്തിലേറാന്‍ കാരണമാകുമെന്നും കോണ്‍ഗ്രസ് അത് മനസിലാക്കണമെന്നും ദീപിക മുഖപ്രസംഗം ഓര്‍മിപ്പിച്ചു.