കോട്ടയം: മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിച്ചെന്ന് ദീപിക മുഖപ്രസംഗത്തിൽ വിമർശനം. പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും ഇടപെട്ടിരുന്നെങ്കിൽ കലാപത്തിന്റെ തീവ്രത കുറയുമായിരുന്നു. കലാപം നടന്ന സ്ഥലം സന്ദർശിക്കാൻ പോലും പ്രധാനമന്ത്രി തയ്യാറായില്ല. കലാപ സമയത്തെ ശൂന്യത തെരഞ്ഞെടുപ്പ് കാലത്തെ വാക്ക് കൊണ്ട് നികത്താനാകില്ലെന്നും ദീപിക വിമർശിക്കുന്നു.
മണിപ്പൂരിനെ രക്ഷിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നു. ഈ രക്ഷയാണോ ആ നാടിന് വിധിച്ചിരിക്കുന്നത്? കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സമയോചിത ഇടപെടല്‍ മൂലം കലാപബാധിത മണിപ്പൂരിലെ സ്ഥിതിഗതികളില്‍ കാര്യമായ പുരോഗതി ഉണ്ടായെന്നാണ് അദ്ദേഹം പറഞ്ഞത്. ഏറെ വംശീയ കലാപങ്ങള്‍ നടന്നിട്ടുള്ള നാടാണ്.പക്ഷെ അതൊക്കെ നിസാരമായിരുന്നുന്നെന്ന് തോന്നിപ്പിക്കും വിധം ജനത മനസുകൊണ്ടും വെറുപ്പു കൊണ്ടും വാസഭൂമി കൊണ്ടും രണ്ടു ശത്രുരാജ്യങ്ങളെന്ന പോലെ വിഭജിക്കപ്പെട്ടിരിക്കുന്നു. മണിപ്പൂരിനേറ്റ ചരിത്ര പ്രഹരം! അതൊക്കെ സംഭവിച്ചുകൊണ്ടിരിക്കെ അതിനിഗൂഢവും അവിശ്വസനീയവുമായൊരു നിശബ്ദതയില്‍ താന്‍ അഭിരമിച്ചത് എന്തിനെന്ന മാത്രം പ്രധാനമന്ത്രി പറഞ്ഞില്ലെന്നും മുഖപത്രത്തില്‍ പറയുന്നു.
മെയ്തെയ്, കുക്കി വംശങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ മുഖ്യമന്ത്രി നിര്‍ലജ്ജം മെയ്തെയ് പക്ഷത്തു നില്‍ക്കുകയും മെയ്തെയ് തീവ്രസംഘടനങ്ങൾ മുഖ്യമന്ത്രിയെ പ്രശംസിക്കുകയുമൊക്കെ ചെയ്തത് ആരു മറക്കും? ശത്രുസംഹാരത്തിനുവേണ്ടി മെയ്തെയ് തീവ്രപ്രസ്ഥാനം സംസ്ഥാനത്തിന്റെ ആയുധപ്പുരകൾ കയ്യേറി തോക്കും വെടിയുണ്ടകളും യഥേഷ്ടം കൈക്കലാക്കിയപ്പോൾ കൈയുംകെട്ടി നിന്നൊരു മുഖ്യമന്ത്രി! അദ്ദേഹത്തിന്റെ ആവശ്യപ്രകാരം മാത്രം പ്രവർത്തിക്കുകയായിരുന്നു കേന്ദ്രസർക്കാർ.
2023 മേയ് മൂന്നിനു കലാപം തുടങ്ങിയതിനുശേഷം ഇന്നുവരെ പ്രധാനമന്ത്രി മണിപ്പുർ സന്ദർശിച്ചിട്ടില്ല. കലാപം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട സംസ്ഥാന സർക്കാരിനെതിരേ നടപടി എടുക്കാതിരുന്നതിനെക്കുറിച്ചു മറുപടിയില്ല. മണിപ്പുരിലേതു വർഗീയമല്ല, വംശീയ കലാപമാണെന്നു പറയുന്പോഴും മെയ്തെയ്കൾ സ്വന്തം വംശത്തിൽപെട്ട ക്രൈസ്തവരുടേത് ഉൾപ്പെടെ 250 പള്ളികൾ ആദ്യദിവസങ്ങളിൽതന്നെ കത്തിച്ചു ചാന്പലാക്കിയതിനെക്കുറിച്ച് ഇന്നും വിശദീകരണമില്ല. ചില ക്ഷേത്രങ്ങളും തകർക്കപ്പെട്ടിട്ടുണ്ട് എന്നതല്ല മറുപടി.
രാജ്യത്ത് അരങ്ങേറുന്ന ക്രൈസ്തവ മതസ്ഥാപനങ്ങളോടുള്ള വിവേചനത്തിന്റെ മണിപ്പുർ പതിപ്പായി അതു മാറി. നിർമിക്കപ്പെട്ട ആരാധനാലയങ്ങളിലെ പൂജകൾ മാത്രമല്ല, തകർക്കപ്പെട്ടവയുടെ ചാരവും ബിജെപി ഭരണകാലത്തിന്റെ ‘മതേതരത്വത്തെ’ നിർവചിക്കും. കലാപം നടക്കുമ്പോൾ സംസ്ഥാനസർക്കാരും മാധ്യമങ്ങളും പക്ഷംപിടിച്ചുവെന്ന് എഡിറ്റേഴ്സ് ഗിൽഡിന്റെ വസ്തുതാന്വേഷണസംഘം റിപ്പോർട്ട് നൽകിയിരുന്നു.
ഇന്ത്യ തെരഞ്ഞെടുപ്പിന്റെ ആരവത്തിലാണ്; മണിപ്പുർ ഭയത്തിന്റെ പിടിയിലും. ലൈസൻസുള്ള 24,000 തോക്കുകളിൽ 12,000 എണ്ണം ഇനിയും ഉടമകൾ സമർപ്പിച്ചിട്ടില്ല. അതിലും ഭയാനകമായ കാര്യം, മെയ്തെയ്കൾ കടത്തിക്കൊണ്ടുപോയ എ.കെ. സീരിസിൽ ഉൾപ്പെട്ട ആധുനിക ആയുധങ്ങളിലേറെയും അവരുടെ കൈയിൽതന്നെയുണ്ട് എന്നതാണ്. എങ്ങനെയാണ് ഭയമില്ലാതെ ജനങ്ങൾ വോട്ട് ചെയ്യാനെത്തുന്നത്? ഒരു പാർട്ടിയുടെയും പ്രമുഖ നേതാക്കൾ മണിപ്പുരിലേക്കു പ്രചാരണത്തിനു പോകുന്നില്ല. ഭയം മാത്രമാണു കാരണം. ഈ മണിപ്പൂരിനെയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രക്ഷിച്ചെന്നു പ്രധാനമന്ത്രി പറഞ്ഞത്.
മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ പ്രധാനമന്ത്രി ഇടപെട്ടിരുന്നെങ്കിൽ ആ നിമിഷം അവിടെ എല്ലാം ശാന്തമാകുമായിരുന്നെന്ന് ആരും കരുതുന്നില്ല. പക്ഷേ, അതിന്റെ തീവ്രത കുറയ്ക്കാനാകുമായിരുന്നു. ക്രിമിനലുകൾക്ക് മുന്നറിയിപ്പാകുമായിരുന്നു. ചോദിക്കാനും പറയാനും തങ്ങൾക്ക് ആരെങ്കിലുമൊക്കെ ഉണ്ടെന്ന് ഇരകൾക്കു തോന്നുമായിരുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.