ന്യൂഡല്‍ഹി : പിറ്റ്ബുള്‍, റോട്ട്വീലര്, അമേരിക്കന്‍ ബുള്‍ഡോഗ്, ടെറിയേഴ്സ് തുടങ്ങിയ ‘അപകടകാരികളായ’ നായ ഇനങ്ങളെ നിരോധിക്കണമെന്ന ആവശ്യത്തില്‍ മൂന്നു മാസത്തിനകം തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം. ഇവയെ വളര്‍ത്തുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കണമെന്ന ആവശ്യത്തിലും തീരുമാനം വേണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് മന്മോഹന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആവശ്യപ്പെട്ടു.
അപകടകാരികളായ ഇനം നായകളെ വളര്‍ത്തുന്നതിന് ലൈസന്‍സ് നല്‍കുന്നെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. നേരത്തെ ബന്ധപ്പെട്ട അധികാരികളെ സമീപിക്കാന്‍ നിര്‍ദേശിച്ച് ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കിയിരുന്നു. അപേക്ഷ നല്‍കിയിട്ടും അധികാരികള്‍ നടപടിയെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
ഇന്ത്യന്‍ ഇനം നായകളെ വളര്‍ത്തുന്നതു പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. അവ കാലാവസ്ഥയുമായി കൂടുതല്‍ പൊരുത്തപ്പെടുന്നവയാണ്. ഇന്ത്യന്‍ ഇനങ്ങള്‍ക്ക് അടിക്കടി രോഗം വരുന്നില്ലെന്നും ബെഞ്ച് പറഞ്ഞു.
ഹര്‍ജിയിലെ ആവശ്യം ബന്ധപ്പെട്ട വകുപ്പുകളുടെ പരിഗണനയ്ക്കു വിട്ടിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന് അറിയിച്ചു. അവയില്‍ കഴിയുമെങ്കില്‍ മൂന്നു മാസത്തികം തീരുമാനമെടുക്കാന്‍ ബെഞ്ച് നിര്‍ദേശിച്ചു.
അപകടകാരികളായ നായ ഇനങ്ങളെ വളര്‍ത്തുന്നത് ഇന്ത്യ ഉള്‍പ്പെടെ 12 രാജ്യങ്ങള്‍ വിലക്കിയിട്ടുണ്ടെന്നും എന്നിട്ടും അധികൃതര്‍ ലൈസന്‍സ് നല്‍കുകയാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.