കോഴിക്കോട് : യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയില്‍ മൃതദേഹം കല്ലറയില്‍നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യും. കോഴിക്കോട് തോട്ടുമുക്കം പനംപ്ലാവില്‍ പുളിക്കയില്‍ തോമസ് (36) എന്ന തൊമ്മന്റെ മൃതദേഹമാണ് നാളെ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യുക.
യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് നല്കിയ പരാതിയില്‍ അരീക്കോട് പൊലീസാണ് മൃതദ്ദേഹം പുറത്തെടുത്ത് പരിശോധന നടത്താന്‍ തീരുമാനം എടുത്തത്. നാളെ രാവിലെ 11 മണിയോടെ സെമിത്തേരിയില്‍വെച്ച് തന്നെ പോസ്റ്റ്മോര്‍ട്ടം നടത്താനാണ് തീരുമാനം. ഇതിന് കഴഞ്ഞില്ലെങ്കില്‍ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി പോസ്റ്റ്മോര്‍ട്ടം നടത്തും.
ഈ മാസം നാലിനാണ് ടിപ്പര്‍ ലോറി ഡ്രൈവറായ തോമസ് മരിച്ചത്. സ്വാഭാവിക മരണമെന്ന നിലയില്‍ പനംപ്ലാവ് സെന്റ് മേരീസ് ചര്‍ച്ച് സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കുകയായിരുന്നു. തോമസും സുഹൃത്തുക്കളുമായി സംഘര്‍ഷമുണ്ടായിരുന്നതായും തോമസിന് കാര്യമായ പരിക്കേറ്റിരുന്നതായും നാട്ടുകാര്‍ കുടുംബത്തെ അറിയിച്ചത് സംസ്കാരത്തിന് ശേഷമാണ്. തുടര്‍ന്ന് പിതാവ് അരീക്കോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. കേസിലെ തുടര്‍ നടപടികളുടെ ഭാഗമായാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം
നടത്തുന്നത്.