ന്യൂഡല്‍ഹി : തടവുശിക്ഷ അനുഭവിച്ചുവരവെ ജയില്‍ വെച്ചു മരിച്ച ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായ മുക്താര്‍ അന്‍സാരിയെ വിഷം നല്കി കൊലപ്പെടുത്തിയതാണെന്ന് ആരോപണം. സ്ലോ പോയിസണ്‍ നല്കി പിതാവിനെ കൊലപ്പെടുത്തിയതാണെന്നാണ് മകന് ഉമര്‍ അന്‍സാരി ആരോപിച്ചു. മാര്‍ച്ച് 19 ന് അദ്ദേഹത്തിന് ഭക്ഷണത്തില്‍ വിഷം നല്‍കിയെന്നും ഉമര്‍ ആരോപിച്ചു.
പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് അധികൃതര്‍ ഒരു വിവരവും തന്നെ അറിയിച്ചില്ല. മാധ്യമങ്ങളില്‍ നിന്നാണ് വിവരം അറിഞ്ഞത്. കഴിഞ്ഞ ദിവസം പിതാവിനെ കാണാന്‍ ജയിലില്‍ പോയെങ്കിലും അനുമതി നല്‍കിയില്ല. പിതാവിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഉമര്‍ അന്‍സാരി പറഞ്ഞു.
മുക്താര്‍ അന്‍സാരിയുടെ ജീവന് ഭീഷണിയുണ്ടെന്നും, വിഷം നല്കി കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് നേരത്തെ കോടതിയില്‍ അഭിപ്രായപ്പെട്ടിരുന്നു. മുക്താര്‍ അന്‍സാരിയുടേത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മരണത്തില്‍ സംശയമുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സമാജ് വാദി പാര്‍ട്ടി ആവശ്യപ്പെട്ടു. അതേസമയം ജയിലില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്നാണ് മുക്താര്‍ അന്‍സാരി മരിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.
മുക്താര്‍ അന്‍സാരിയുടെ മരണത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ടതോടെ, യുപി സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നംഗ പാനല്‍ അന്വേഷിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. രണ്ടു ഡോക്ടര്‍മാരടങ്ങുന്ന സംഘമാകും പോസ്റ്റ്മോര്‍ട്ടം നടത്തുക. പോസ്റ്റ്മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്താനും നിര്‍ദേശിച്ചിട്ടുണ്ട്. മുക്താര്‍ അന്‍സാരിയുടെ മരണത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ പൊലീസിന് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുപിയില്‍ മുഴുവന്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.