നെടുങ്കണ്ടം: ഇടുക്കി വണ്ടൻമേട്ടിൽ മരണരംഗങ്ങൾ ഇന്റർനെറ്റിൽ ലൈവായി ഇട്ടശേഷം പതിനേഴുകാരനായ പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിന്റെ ഞെട്ടൽ മാറുംമുൻപെ സഹപാഠിയും ജീവനൊടുക്കിയ നിലയിൽ. ആദ്യ സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രി പതിനേഴുകാരന്റെ സഹപാഠിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ വിദ്യാർത്ഥിയും മരണരംഗങ്ങൾ ഇന്റർനെറ്റിൽ ‘ലൈവ്’ ഇട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു. ശാസ്ത്രീയാന്വേഷണം നടക്കുന്നതിനാൽ കുട്ടിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് പൊലീസ് നിർദേശിച്ചു. ഓൺലൈൻ ഗെയിമിലെ അജ്ഞാതസംഘത്തിന്റെ നിർദേശപ്രകാരമാണ് തിങ്കളാഴ്ച പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ആ സംഭവത്തിൽ വിദ്യാർത്ഥിയുടെ ലാപ്ടോപ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിനിടെയാണ് ഇന്നലെ രാത്രി ലാപ്ടോപ്പ് ഓണാക്കി വച്ചശേഷം സഹപാഠി തൂങ്ങിമരിച്ചത്. ഇരുവരുടെയും സമപ്രായക്കാരായ മുപ്പതോളം കുട്ടികളും ഓൺലൈൻ ഗെയിമിന്റെ പിടിയിയിലായതായി പൊലീസ് സംശയിക്കുന്നുണ്ട്.
ആദ്യകേസിൽ പതിനേഴുകാരനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് തിങ്കളാഴ്ചയാണ്. വിഷം കഴിച്ചശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനുശേഷം വീട്ടുകാരും ബന്ധുക്കളായ ഐ ടി വിദഗ്ധരും വിദ്യാർത്ഥി ഉപയോഗിച്ച ലാപ്ടോപ്പ് പരിശോധിച്ചപ്പോഴാണ് നെറ്റ് ഓൺ ചെയ്യുന്ന സമയം മുതൽ ലാപ്ടോപ്പിന്റെ നിയന്ത്രണം അജ്ഞാതസംഘം നിയന്ത്രിക്കുന്നതായും അവരുടെ നിർദേശമനുസരിച്ചാണ് വിദ്യാർത്ഥി ഏതാനും ദിവസങ്ങളായി ജീവിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.
അടുത്തിടെ വിദ്യാർത്ഥിയുടെ ജീവിതശൈലിയിലും മാറ്റം വന്നിരുന്നതായി പൊലീസ് പറയുന്നു. കിടപ്പുമുറിക്കുള്ളിൽ പല നിറങ്ങളിൽ തെളിയുന്ന, റിമോട്ട് ഉപയോഗിച്ച് കളർ മാറ്റാവുന്ന ലൈറ്റുകൾ ക്രമീകരിച്ചു. ജാപ്പനീസ്, ഫ്രഞ്ച്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകൾ പഠിച്ചെടുക്കുകയും ചെയ്തു.