തിരുവനന്തപുരം : പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ക്ഷാമബത്ത വർധിപ്പിച്ചു.രണ്ട് ശതമാനമാണ് വർധിപ്പിച്ചത്. അന്‍പത്തിമൂന്ന് ശതമാനം എന്നത് അന്‍പത്തിയഞ്ച് ശതമാനമാക്കി ഉയർത്തി. മുൻകാല പ്രാബല്യത്തോടെയാണ് വര്‍ധന. ജനുവരി ഒന്ന് മുതലുള്ള ആനുകൂല്യം ലഭിക്കും. ഇതോടെ ചെയർമാൻ്റെ ശമ്പളം നാല് ലക്ഷത്തി പതിനായിരം രൂപയാവും. അംഗങ്ങൾക്ക് നാല് ലക്ഷം രൂപയും ലഭിക്കും.
ഫെബ്രുവരിയിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചിരുന്നു. നേരത്തെ വിമർശനം ഉയർന്നപ്പോൾ ശിപാർശ മാറ്റിവെച്ചിരുന്നു.
ചെയർമാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങൾക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്ക് തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ് സി ചെയര്‍മാന്റെയും അംഗങ്ങളുടെയും നിലവിലുള്ള സേവന വേതന വ്യവസ്ഥ ഉള്‍പ്പെടെ പരിഗണിച്ച ശേഷമായിരുന്നു തീരുമാനം.