തൊടുപുഴ : എംഎം മണിയുടേയും സിപിഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിന്റേയും ചെലവിലല്ല ജീവിക്കുന്നതെന്ന് ഡീന്‍കുര്യാക്കോസ് എംപി. ഈ പറയുന്നതെല്ലാം പഞ്ചപുച്ഛമടക്കി കേട്ടു കൊള്ളണമെന്നാണ് ഇദ്ദേഹമൊക്കെ വിചാരിച്ചിരിക്കുന്നത്. അതൊന്നും നടക്കുന്ന കാര്യമല്ലെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
ഇവരൊക്കെ വാചാലരാകുന്നത് കേട്ടാല്‍ ഇടുക്കി ജില്ല മുഴുവന്‍ വികസിപ്പിച്ചത് എംഎം മണിയും സിവി വര്‍ഗീസും കൂടി ചേര്‍ന്നാണെന്ന് തോന്നും. അവരുടെ വര്ത്തനമാനം കേട്ടാല്‍ തോന്നും അവരുടെ പാട്ടപ്പറമ്പിലാണ് നമ്മളൊക്കെ കിടക്കുന്നതെന്ന്. എത്രയോ വര്‍ഷത്തെ പൊതുപ്രവര്‍ത്തനപാരമ്പര്യമുള്ള നേതാവാണ് പിജെ ജോസഫ്.
ഇടുക്കി ജില്ലയ്ക്ക് ചെയ്ത സംഭാവനകള്‍ സംബന്ധിച്ച് പിജെ ജോസഫിന് എംഎം മണിയുടേയോ സിവി വര്‍ഗീസിന്റെയോ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. മുട്ടത്ത് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ പങ്കെടുക്കാതിരുന്നതിലും ഡീന്‍ കുര്യാക്കോട് കാരണം വിശദീകരിച്ചു.
മുഖ്യമന്ത്രിക്ക് തോന്നുന്ന സമയത്താണ് പരിപാടി തീരുമാനിച്ചത്. ഒരു ഉദ്ഘാടനത്തില്‍ പങ്കെടുക്കാത്തതുകൊണ്ട് വികസന വിരോധിയാകില്ലെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.