പാലക്കാട്: പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളിയില്‍ വൈദ്യുതാഘാതമേറ്റാണ് യുവാക്കൾ മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തലെന്ന് പാലക്കാട് എസ്പി. രാവിലെ കൃഷിയിടത്തിൽ വൈദ്യുതിക്കെണിയിൽ കുടുങ്ങിയ മൃതദേഹങ്ങൾ കണ്ട സ്ഥലമുടമ രാത്രി വന്ന് മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും എസ്പി ആനന്ദ് പറഞ്ഞു.
ആഴത്തിൽ കുഴിയെടുക്കാൻ കഴിയാത്തതിനാൽ മൃതദേഹങ്ങൾ പുറത്തു വരുമെന്ന ഭയത്താൽ പ്രതി, യുവാക്കളുടെ വയറ്റിൽ മുറിവുണ്ടാക്കി.
ചതുപ്പിൽ താഴ്ന്നു കിടക്കാനാണ് മുറിവുണ്ടാക്കിയതെന്നും എസ്പി ആനന്ദ് പറഞ്ഞു. തെളിവ് നശിപ്പിക്കാനും, കേസിൽ പ്രതിയാകുമെന്ന് ഭയന്നുമാണ് പ്രതി ഇത്തരത്തിൽ ചെയ്തത്. തെളിവു നശിപ്പിക്കാൻ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്.
പുറത്തെടുത്ത മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം സംഭവത്തിൽ കൂടുതൽ വ്യക്തത ലഭിക്കും. പ്രതിക്കെതിരെ തെളിവു നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തുമെന്നും പാലക്കാട് എസ്പി അറിയിച്ചു.
കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങൾ രാവിലെ പുറത്തെടുത്തിരുന്നു. പുതുശ്ശേരി കാളാണ്ടിത്തറയില്‍ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് (22) എന്നിവരുടേതാണ് മൃതദേഹങ്ങളെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇരുവരുടേയും വയറ്റിൽ ബ്ലേഡിന് സമാനമായ ആയുധം കൊണ്ടുള്ള മുറിവുണ്ടെന്ന് കണ്ടെത്തിയിരുന്നു.
യുവാക്കളെ കുഴിച്ചിട്ടതു സംബന്ധിച്ച് സ്ഥലം ഉടമ പൊലീസിനോട് കുറ്റം സമ്മതിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ആറുമണിക്ക് മുമ്പായി കൃഷിയിടത്തിൽ എത്തിയപ്പോൾ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടു. കാട്ടുപന്നിക്ക് വെച്ച വൈദ്യുതക്കെണിയിൽ കുടുങ്ങിയാണ് മരിച്ചതെന്ന് മനസ്സിലായി. തുടർന്ന് പേടി മൂലമാണ് രണ്ടുപേരുടെയും മൃതദേഹം ഒരു കുഴിയിൽ മറവു ചെയ്തതെന്നും അനന്തൻ പൊലീസിനോട് പറഞ്ഞു.
എന്നാൽ അനന്തനെ മറ്റാരോ സഹായിച്ചിട്ടുണ്ട് എന്ന് പൊലീസിന് സംശയമുണ്ട്.
കാട്ടുമൃഗങ്ങളെ അകറ്റാനുള്ള വൈദ്യുതിക്കെണിയിൽപ്പെട്ട് ഒന്നര വർഷത്തിനിടെ പത്തുപേരാണ് മരിച്ചത്. ഇതിൽ ഏഴു മരണവും പാലക്കാട്ടാണ് നടന്നത്. കഴിഞ്ഞ മെയ് മാസം രണ്ടു പൊലീസുകാർ വൈദ്യുതിക്കെണിയിൽപ്പെട്ട് മരിച്ചിരുന്നു.