കണ്ണൂര്‍ : മാക്കൂട്ടം ചുരത്തില്‍ വെട്ടുമുറിച്ച നിലയില്‍ ട്രോളി ബാഗില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍, മൃതദേഹം കൊണ്ട് തള്ളിയ ആളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി സൂചന. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. കണ്ണവത്തിന് പുറമേ, കണ്ണപുരത്തും പൊലീസ് അന്വേഷണം നടത്തി. കണ്ണപുരത്തും ഒരു യുവതിയെ കാണാതായി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.
കണ്ണവത്ത് കാണാതായ യുവതിയുടെ അമ്മയുടെ ഡിഎന്‍എ സാമ്പിള്‍ പൊലീസ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ആശുപത്രിയിലെത്തി യുവതിയുടെ ബന്ധുക്കള്‍ മൃതദേഹം കണ്ടിരുന്നെങ്കിലും സ്ഥീരീകരിക്കാനായിരുന്നില്ല. പൂര്‍ണമായി അഴുകിയ നിലയിലായിരുന്നു മൃതദേഹം.
വിരാജ് പേട്ട സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. മരിച്ച യുവതിക്ക് 25നും 30നും ഇടയില്‍ പ്രായമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ പതിനെട്ടിനാണ് നാലു കഷണങ്ങളായി മുറിച്ച നിലയില്‍ ട്രോളി ബാഗില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.