ലക്നോ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിന്നാലെ പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവിനെയും സന്ദർശിച്ച് സൂപ്പർ സ്റ്റാർ രജനികാന്ത്. അഖിലേഷിന്റെ വീട്ടിലെത്തിയാണ് രജനി കൂടിക്കാഴ്ച നടത്തിയത്. തന്റെ സുഹൃത്തായ അഖിലേഷിനെ ഒരു ദശാബ്ദത്തിനു ശേഷമാണ് കാണാൻ കഴിയുന്നത്. അദ്ദേഹവുമായി കൂടിക്കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് രജനികാന്ത് പ്രതികരിച്ചു.
ഒമ്പത് വർഷം മുമ്പാണ് അഖിലേഷിനെ മുംബൈയിൽ ആദ്യമായി കാണുന്നത്. അന്നുമുതലേ സൗഹൃദത്തിലാണെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ രജനികാന്ത് പറഞ്ഞു. ഒമ്പത് വർഷം മുമ്പ് മുംബൈയിൽ നടന്ന ചടങ്ങിൽ അഖിലേഷ് യാദവിനെ കണ്ടിട്ടുണ്ട്. അന്നുമുതൽ തങ്ങൾ സുഹൃത്തുക്കളാണ്. ഫോണിലും സംസാരിക്കാറുണ്ട്. അഞ്ച് വർഷം മുമ്പ് ഇവിടെ ഷൂട്ടിംഗിന് വന്നപ്പോൾ തനിക്ക് അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ അദ്ദേഹം ഇവിടെയുണ്ട്. അതുകൊണ്ട് കാണാനെത്തി-രജനി പറഞ്ഞു.
പുതിയ ചിത്രമായ ജയിലറിന്റെ പ്രമോഷന്റെ ഭാഗമായാണ് രജനി ഉത്തർപ്രദേശിലെത്തിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും രജനി കൂടിക്കാഴ്ച നടത്തിയിരുന്നു.