മാഡ്രിഡ് : ഡേവിസ് കപ്പ് ടെന്നീസ് കിരീടം ഇറ്റലിക്ക്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇറ്റലിയുടെ കിരീട ധാരണം. ഫൈനലില്‍ ഓസ്ട്രേലിയയെ വീഴ്ത്തിയാണ് 1976നു ശേഷം ആദ്യമായി ഇറ്റലി കിരീടം സ്വന്തമാക്കുന്നത്. യുവ താരം യാന്നിക് സിന്നറുടെ മികവാണ് അവര്‍ക്ക് കിരീടം ഉറപ്പിച്ചത്.
ഫൈനലിലെ ആദ്യ സിംഗിള്‍സില്‍ ഓസീസ് താരം അലക്സി പോപ്യറിനെതിരെ കനത്ത വെല്ലുവിളിയാണ് ഇറ്റാലിയന്‍ താരം മാറ്റിയോ അര്നല്ഡിക്ക് നേരിടേണ്ടി വന്നത്. 7-5, 2-6, 6-4 എന്ന സ്കോറിനു താരം വിജയിച്ചു.
പിന്നാലെ മത്സരിച്ച യാന്നിക് സിന്നര്‍, അലക്സ് ഡി മിനൗറിനെ അതിവേഗം വീഴ്ത്തി കിരീടം ഉറപ്പിച്ചു. രണ്ട് സെറ്റ് മാത്രം നീണ്ട പോരില്‍ താരം അനായാസ വിജയം നേടി. 6-3, 6-0 എന്ന സ്കോറിനായിരുന്നു സിന്നറുടെ വിജയം.
സെമിയില്‍ ഇതിഹാസ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിചിനെ അട്ടിമറിച്ച് സിന്നര്‍ ടെന്നീസ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഈ അട്ടിമറിയുടെ കരുത്തില്‍ സെര്‍ബിയയെ സെമിയില്‍ വീഴ്ത്തിയാണ് ഇറ്റലി ഫൈനലിലേക്ക് മുന്നേറിയത്.