കൊച്ചി : സ്പോട്ട് ബുക്കിങോ വെര്‍ച്വല്‍ ക്യൂ ബുക്കിങോ ഇല്ലാതെ ആളുകളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ മറ്റ് ക്ഷേത്രങ്ങളുമായി ശബരിമലയെ താരതമ്യം ചെയ്യാനാവില്ല. മണിക്കൂറുകളോളമാണ് ആളുകള്‍ കാത്തിരിക്കുന്നത്. ശബരിമലയില്‍ നിന്നുള്ള വരുമാനമാണ് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പളം എന്നത് ഓര്മ വേണമെന്നും കോടതി പറഞ്ഞു. ശബരിമലയിലെ തിരക്കില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് ഹൈക്കോടതിയെ അറിയിച്ച എഡിജിപി ശബരിമലയില്‍ ഒരുക്കിയ സൗകര്യങ്ങള്‍ ദൃശ്യങ്ങള്‍ സഹിതം വിശദീകരിച്ചു. ശബരിപീഠത്തിലും അപ്പാച്ചിമേട്ടിലും തിരക്കാണ്. പരമാവധി ഭക്തരെ നിലവില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. പമ്പയില്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയതായും വെര്‍ച്ച്വല്‍ ക്യൂ വഴി ശരാശരി ബുക്ക് ചെയ്യുന്നത് 90,000 പേര് ആണെന്നും എഡിജിപി കോടതിയെ അറിയിച്ചു. ദിവസങ്ങളോളം യാത്ര ചെയ്ത് സുഗമമായ ദര്‍ശനത്തിനായാണ് ഇവര്‍ ശബരിമലയില്‍ എത്തുന്നത്. ഇവര്‍ക്ക് ക്യൂവില്‍ നില്ക്കുമ്പോള് വെള്ളവും ബിസ്കറ്റും എത്തിക്കാന്‍ സംവിധാനം വേണമെന്ന് കോടതി നിര്‍ദേശിച്ചു.
ശബരിലമയില്‍ ഭക്തരെ സഹായിക്കുന്നതിനായി സമീപത്തെ കോളജുകളിലെ എന്‍എസ്എസ് – എന്‍സിസി കേഡറ്റുകളുടെ സഹായം ദേവസ്വംബോര്‍ഡിന് തേടാമെന്നും കോടതി നിര്‍ദേശിച്ചു. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള കാനനപാതയില്‍ ശുചിത്വമുറപ്പാക്കണം. നിലയ്ക്കലില്‍ തിരക്കാണെങ്കില്‍ മറ്റിടങ്ങളില്‍ പാര്‍ക്കിംഗ് ഒരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അരമണിക്കൂര്‍ കാത്തുനിന്ന് ഒരാളും പരാതി പറയില്ല. മണിക്കൂറുകള്‍ വൈകുമ്പോള്‍ കുട്ടികള്‍ക്ക് സൗകര്യം ഒരുക്കണമെന്നും കോടതി നിരീക്ഷിച്ചു.