കൊച്ചി: കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി പ്രഭാരി പ്രകാശ് ജാവദേക്കറും ഇ.പി ജയരാജനുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി വിവാദ ദല്ലാൾ ടി.ജി നന്ദകുമാർ. ഇ.പി ജയരാജൻ എത്തിയത് ബി.ജെ.പിയിൽ ചേരാനല്ല . സർപ്രൈസ് എന്ന് പറഞ്ഞാണ് ജാവദേക്കറുമായി ഇ.പിയെ കാണാൻ പോയത്. വൈദേകം അന്വേഷണം ജാവദേക്കർ പറഞ്ഞപ്പോൾ ഇ.പി ചൂടായി. തൃശൂർ ജയിക്കണം എന്ന് മാത്രമായിരുന്നു ജാവദേക്കറുടെ ആവശ്യം. അതിനെന്ത് ഡീലിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞുവെന്നും നന്ദകുമാർ വെളിപ്പെടുത്തി.
ശോഭാ സുരേന്ദ്രൻ തട്ടിപ്പുകാരിയാണ്. എച്ച്.ആർ.ഡി.എസിന്റെ അജി കൃഷ്ണനും ശോഭയും തമ്മിലുള്ള ബന്ധം അന്വേഷിക്കണം. ശോഭക്കെതിരെ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പൊലീസ് നടപടിയെടുത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും നന്ദകുമാർ പറഞ്ഞു. പടച്ചോൻ പറഞ്ഞാൽ പോലും ഇവർക്കൊന്നും താനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ കഴിയില്ല. ഇ.പിയെക്കാൾ വലിയ തട്ടിപ്പുകാർ പാർട്ടിയിലുണ്ട്. 2016ൽ പിണറായി തന്നെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. തന്നെ തേടി ആരൊക്കെ വരുമെന്ന് വ്യക്തമായി അറിയാം. ആരെയും ഭീഷണിപ്പെടുത്താനില്ല. കൈരളിയിൽ തനിക്കെതിരെ തുടർച്ചയായി മോശം വാർത്തവന്നപ്പോൾ അത് നിർത്താൻ പിണറായിയെ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. അന്ന് പിണറായി ഇടപെട്ട് അത് അവസാനിപ്പിച്ചെന്നും നന്ദകുമാർ പറഞ്ഞു. ലാവ്ലിൻ കേസ് വി.എസിനെ സഹായിക്കാൻ ഉണ്ടാക്കിയതാണ്. കമല ഇന്റർനാഷണലുമായി ബന്ധപ്പെട്ട വിവാദം ക്രൈം നന്ദകുമാർ സൃഷ്ടിച്ചതാണെന്നും നന്ദകുമാർ ആരോപിച്ചു.