ചെന്നൈ : മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയ്ക്ക് ചെന്നൈയില്‍ ശമനം. ഇന്ന് ആകാശത്ത് സൂര്യന് ജ്വലിച്ചുനിന്നെങ്കിലും കനത്ത മഴ പെയത പലയിടങ്ങളും വെള്ളക്കെട്ട് തുടരുകയാണ്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ ചെന്നൈയില്‍ 46 സെന്റിമീറ്റര്‍ മഴയാണ് ലഭിച്ചത്.
കനത്ത മഴയെ തുടര്‍ന്ന് ആയിരക്കണക്കിന് വീടുകള്‍, നിരവധി കെട്ടിടങ്ങളും വാഹനങ്ങള്‍, എല്ലാം വെള്ളത്തിനടിയിലായി. പലയിടത്തും വൈദ്യുതി വിച്ഛേദിച്ചു. പലയിടങ്ങളിലും കുടിവെള്ളം പോലും കിട്ടാത്ത സ്ഥിതിയാണുള്ളത്. മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 16 ആയി. 61,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായാണ് കണക്കുകള്‍.
വെളാച്ചേരി,മടിപ്പാക്കം,മുടിചൂട്, വെസ്റ്റ് തമ്പരം പള്ളിക്കരണി തുടങ്ങി ജനനിബിഢമായ മേഖലകള്‍ കഴിഞ്ഞ മൂന്നു ദിവസമായി വെള്ളത്തിന് അടിയിലാണ്. വൈദ്യുതി നിലച്ചതിന്നാല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആയതോടെ ഒറ്റപെട്ട മേഖലകളില്‍ കുടുങ്ങി കിടക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ബന്ധുക്കളാണ് രക്ഷാ പ്രവര്‍ത്തകരെ അറിയിക്കുന്നത്. ദേശീയ ദുരന്ത നിവാരാണ സേനയും പൊലീസും ഫയര്‍ ഫോഴ്സും മത്സ്യ തൊഴിലാളികളും അക്ഷീണം യത്നിച്ചാണ് കുടുങ്ങി കിടക്കുന്നവരെ പുറത്ത് എത്തിക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് മിഷോങ് ചുഴലിക്കാറ്റ് നാശം വിതച്ച ചില പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ചെന്നൈയിലെ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും പാലും വിതരണം ചെയ്തു.
മിഷോങ് ചുഴലിക്കാറ്റില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് തന്റെ ചിന്തയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാന്‍ അധികാരികള്‍ അക്ഷീണം പ്രയത്നിക്കുകയാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ചുഴലിക്കാറ്റ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 നും 2.30 നും ഇടയില്‍ തെക്കന്‍ ആന്ധ്രാപ്രദേശ് തീരം പിന്നിട്ടു. ഒഡീഷയിലെ തെക്കന്‍ ജില്ലകളിലും കിഴക്കന്‍ തെലങ്കാനയിലും ജാഗ്രത തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വെള്ളക്കെട്ട് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ ജില്ലയിലെ സ്കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.