ഭുവനേശ്വര്‍ : മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ചയോടെ ദന ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും ബംഗാള്‍ തീരത്തേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷ-പശ്ചിമ ബംഗാള്‍ തീരത്ത് വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 24 ന് രാവിലെ തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
ആന്‍ഡമാന്‍ കടലിന് മുകളില്‍ ഒരു അന്തരീക്ഷ ചുഴലി നിലനില്‍ക്കുന്നുണ്ട്. നാളെയോടെ ഇത് ന്യൂനമര്‍ദമായി മാറുമെന്നും പിന്നീട് ഇത് തീവ്ര ന്യൂനമര്‍ദമായി മാറും ബുധനാഴ്ചയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി മാറും.
ദന ചുഴലിക്കാറ്റ് ഒഡിഷ, ബംഗാള്‍ തീരത്തേക്ക് നീങ്ങുമെന്നാണ് നിലവില്‍ കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഈ ദിവസങ്ങളില്‍ തുലാവര്‍ഷത്തോടനുബന്ധിച്ചുള്ള മഴ തുടരും. വൈകുന്നേര സമയങ്ങളില്‍ മഴ ശക്തിപ്പെടാനും സാധ്യതയുണ്ട്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ഇന്ന് തീരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെയും മറ്റന്നാളും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 23 ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ടുള്ളത്.