അഹമ്മദാബാദ്: ശക്തിയോടെ നീങ്ങിയ ബിപോർ ജോയ് ചുഴലിക്കൊടുങ്കാറ്റ് കനത്ത കാറ്റിലും മഴയിലും ഗുജറാത്തിൽ വ്യാപക നാശനഷ്ടം. ഗുജറാത്ത് തീരത്ത് അതിശക്തമായ കാറ്റും മഴയുമാണ്. കടൽക്ഷോഭവും രൂക്ഷം. തിരമാലകൾ ആറ് മീറ്റർ വരെ ഉയർന്നു. ദ്വാരക മേഖലയിൽ നിരവധി മരങ്ങൾ കടപുഴകി. ചുഴലിക്കൊടുങ്കാറ്റ് സംഹാരരൂപം പൂണ്ടത് അർദ്ധ രാത്രി ആണെന്നതിനാൽ ഇന്ന് പകൽ മാത്രമേ നഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമാകൂ.സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വൈകിട്ട് ഏഴ് മണിയോടെ കച്ച് ജില്ലയിലെ ജഖൗ തുറമുഖത്തിന് സമീപമാണ് കൊടുങ്കാറ്റ് കരയിൽ പതിച്ച് തുടങ്ങിയത്. രാത്രി 10 മണിയോടെ വേഗത 125 കിലോമീറ്ററിലെത്തി. ചുഴലിക്കാറ്റിന്റെ സംഹാരശേഷിയുള്ള കേന്ദ്ര ഭാഗത്തിന് ( കണ്ണ് ) 50 കിലോമീറ്ററാണ് വ്യാസം. ഈ ഭാഗം കര കടന്നു പോകാൻ ആറ് മണിക്കൂറെടുക്കും. ഇത്ചുഴറ്റിയടിക്കുമ്പോൾ ഉള്ളിൽ പെടുന്ന മരങ്ങളും കെട്ടിടങ്ങളുമെല്ലാം കടപുഴകും. അർദ്ധരാത്രിയോടെ മാത്രമേ കരയിലെ പതനം പൂർത്തിയാവൂ എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത് .
80 കിലോമീറ്ററിലേറെ വേഗതയിൽ കാറ്റ് വീശിയാണ് കരയിലെ പതനം തുടങ്ങിയത്. പിന്നീട് ശക്തി പ്രാപിച്ചു. പ്രഹര പാതയിലെ സകലതും നശിപ്പിക്കുന്ന കാറ്റഗറി 1 കൊടുങ്കാറ്റാണ് ബിപോർ ജോയ്. കച്ച് ജില്ലയിൽ തീരത്ത് നിന്ന് പത്ത് കിലോമീറ്റർ ഉള്ളിലേക്കുള്ള 120 ഗ്രാമങ്ങളിലെ 46,800 പേരെ ഒഴിപ്പിച്ചു. മൊത്തം ഒരു ലക്ഷത്തോളം പേരെയാണ് ഒഴിപ്പിച്ചത്. മോർബി ഉൾപ്പെടെ പലയിടത്തും ശക്തമായ കാറ്റും മഴയുമാണ്. മുബയിലും അതീവ ജാഗ്രതയാണ്.ഗുജറാത്തിലെ മാണ്ഡ്വിക്കും പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ കേതി ബാസാറിനും ഇടയിലാണ് ജഖൗ തുറമുഖ മേഖല. ജഖാവു തുറമുഖത്തിന് സമീപം സൗരാഷ്ട്ര–കച്ച് തീരം പിന്നിട്ട ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുകയാണ്. സൗരാഷ്ട്ര, കച്ച് മേഖലകളിലൂടെ കടന്ന് ബിപോർ ജോയി കറാച്ചിക്ക് സമീപം പാകിസ്ഥാൻ തീരത്ത് എത്തും.
അതീവ ജാഗ്രത
ദേശീയ ദുരന്ത നിവാരണ സേനയുടടെയും സംസ്ഥാന സേനയുടെയും 36 ടീമുകളും ആർമി, നേവി ടീമുകളും വിന്യസിച്ചിട്ടുണ്ട്. നാവിക സേനാ കേന്ദ്രങ്ങളിൽ മെഡിക്കൽ വിദഗദ്ധരും നീന്തൽ വിദഗ്ദ്ധരും മരങ്ങളും അവശിഷ്ടങ്ങളും നീക്കാനുള്ള ആധുനിക ഉപകരണങ്ങളും സഹിതം 25 സ്പെഷ്യലിസ്റ്റ് ടീമുകൾ അതീവ ജാഗ്രതയിലാണ്.
കോസ്റ്റ് ഗാർഡിന്റെ ഒരുക്കം
23 ദുരന്ത ആശ്വാസ ടീമുകൾ
15 കപ്പലുകൾ
ഏഴ് വിമാനങ്ങൾ
29 ബോട്ടുകൾ
1000 ലൈഫ് ജാക്കറ്റുകൾ
200 ലൈഫ് ബോയകൾ