ന്യൂഡല്‍ഹി : മ്യാന്മര് -തായ്ലന്ഡ് അതിര്‍ത്തിയില്‍ തൊഴില്‍ തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായ മലയാളികള്‍ ഉള്‍പ്പെടെ 549 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം. രണ്ട് സൈനിക വിമാനങ്ങളിലായണ് ഇവരെ തിരിച്ചെത്തിച്ചത്.
ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരെ ഐടി മേഖലയില്‍ ജോലി വാഗ്ദാനം ചെയ്ത് തായ്ലന്‍ഡിലേക്കോ മ്യാന്മറിലേക്കോ കൊണ്ടുപോയി. ഇവരെ സൈനിക ഭരണകൂടത്തിന്റെ നിയന്ത്രണത്തിലല്ലാത്ത മ്യാന്മറിലെ നിയമവിരുദ്ധ അതിര്‍ത്തി പ്രദേശങ്ങളിലെ ചൈനീസ് ക്രിമിനല്‍ സംഘങ്ങള്‍ നടത്തുന്ന സൈബര്‍ കുറ്റകൃത്യ കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു.
വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചവരില്‍ മലയാളികളായ എട്ട് പേരെ നാട്ടിലെത്തിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ , എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട് സ്വദേശികളാണ് തിരിച്ചെത്തുന്നത്.
വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാര്‍ വഴി ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്നറിയപ്പെടുന്ന മേഖലയില്‍ ഉള്‍പ്പെടെ വ്യാജ കോള്‍ സെന്ററുകളില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ (സ്കാമിങ്ങ്) ചെയ്യാന്‍ നിര്‍ബന്ധിതരായി കുടുങ്ങിയവരാണ് തിരിച്ചെത്തിയവര്‍. മ്യാന്മാര് തായ്ലന്ഡ് ഇന്ത്യന്‍ സ്ഥാനപതികാര്യാലയങ്ങള്‍ പ്രാദേശിക സര്‍ക്കാരുകളുമായി സഹകരിച്ച് നടത്തിയ ഇടപെടലുകളാണ് ഇന്ത്യാക്കാരുടെ മോചനത്തിന് സഹായിച്ചത്. മറ്റുളളവരേയും ഉടന്‍ തിരിച്ചെത്തിക്കും. രക്ഷപ്പെടുത്തിയവരെ തായ്ലാന്‍ഡിലെ മെയ് സോട്ട് നഗരത്തിലെത്തിക്കുകയും പിന്നീട് വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുകയുമായിരുന്നു.
സൈബര്‍ കുറ്റകൃത്യ കേന്ദ്രങ്ങളില്‍ നിന്ന് മോചിപ്പിക്കപ്പെട്ട 266 ഇന്ത്യക്കാരെ ചൊവ്വാഴ്ചപ ഒരു ഇന്ത്യന്‍ വ്യോമസേന വിമാനത്തില്‍ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ ചെയ്തു. തിങ്കളാഴ്ച 283 ഇന്ത്യക്കാരെയും സമാനമായി തിരിച്ചയച്ചു. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.