ന്യൂഡൽഹി : ഇന്ത്യൻ വ്യോമ സേന വിമാനത്തിന് നേരെ സൈബർ ആക്രമണം. ജിപിഎസ് സ്പൂഫിങ്ങിലൂടെ വിമാനത്തിന്റെ ലക്ഷ്യം തെറ്റിക്കാൻ ശ്രമിച്ചു. സംഭവം ശ്രദ്ധയിൽ പെട്ട പൈലറ്റുമാർ ഇന്റേണൽ നാവിഗേഷൻ സിസ്റ്റം ഉപയോഗിച്ചു. മ്യാന്മാർ ദുരിതാശ്വാസ പ്രവർത്തന ദൗത്യത്തിനിടെയാണ് സൈബർ ആക്രമണം ഉണ്ടായത്. ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ വിമാനമാണ് ജിപിഎസ്-സ്പൂഫിംഗ് ആക്രമണം നേരിട്ടത്.
ആക്രമണത്തിന് പിന്നിലാരാണെന്ന് സംബന്ധിച്ച് വിവിരങ്ങളില്ല. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. ഭൂകമ്പബാധിതമായ മ്യാൻമറിൽ ഓപ്പറേഷൻ ബ്രഹ്മ എന്ന പേരിൽ ഇന്ത്യ രക്ഷാദൗത്യം നടത്തിവരികയാണ്. ഇതിനിടെയാണ് വിമാനത്തിന് നേരെ ആക്രമണം ഉണ്ടായത്. സി-130 ജെ കൂടാതെ, ദുരിതാശ്വാസ സാമഗ്രികളും രക്ഷാപ്രവർത്തകരും മ്യാൻമറിലേക്ക് കൊണ്ടുപോകുന്നതിനായി ഇന്ത്യൻ വ്യോമസേന സി-17 ഗ്ലോബ്മാസ്റ്റർ ഹെവി-ലിഫ്റ്റ് ട്രാൻസ്പോർട്ട് വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്.
ജിപിഎസ് സ്പൂഫിംഗ് എന്നത് ഒരു തരം സൈബർ ആക്രമണമാണ്, അവിടെ വ്യാജ സിഗ്നലുകൾ നൽകി യഥാർത്ഥ ഉപഗ്രഹ ഡാറ്റയെ മറികടന്ന് സിസ്റ്റങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണ് ചെയ്യുന്നത്. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപവും സമാനമായ സ്പൂഫിംഗ് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2023 നവംബർ മുതൽ ഇതുവരെ അമൃത്സറിനും ജമ്മുവിനും സമീപം 465 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.