തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ സൈബര്‍ അധിക്ഷേപം നടത്തിയെന്ന കേസില്‍ സെക്രട്ടറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി നന്ദകുമാര്‍ കൊളത്താപ്പിള്ളിയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. പൂജപ്പുര പൊലീസ് ആണ് ബുധനാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നത്.
സ്റ്റേഷനില്‍ ഹാജരായപ്പോഴും ചോദ്യം ചെയ്യലിന് ശേഷം പുറത്ത് വന്നപ്പോഴും മുഖം കാണാതിരിക്കാന്‍ ഹെല്‍മറ്റ് ധരിച്ചാണ് നന്ദകുമാര്‍ എത്തിയത്. മാധ്യമങ്ങളോട് പ്രതികരിക്കാനും നന്ദകുമാര്‍ തയ്യാറായില്ല. പൊലീസ് നന്ദകുമാറിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. എന്നാല്‍ ആദ്യം ഹാജരാക്കിയത് ഫേസ്ബുക്ക് ഉപേയാഗിക്കാത്ത ഫോണ്‍ ആയിരുന്നു. പിന്നീട് യഥാര്‍ഥ ഫോണ്‍ നന്ദകുമാറിന്റെ സുഹൃത്ത് ഹാജരാക്കി. വിട്ടയച്ചെങ്കിലും വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കിയതായാണ് വിവരം.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പൂജപ്പുര പൊലീസാണ് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയത്. ഫേസ്ബുക്ക് അക്കൗണ്ട് നന്ദകുമാറിന്റെതാണോ എന്ന് സ്ഥിരീകരിച്ച ശേഷം മാത്രം മതി ചോദ്യം ചെയ്യൽ എന്നുള്ള നിലപാടിലായിരുന്നു ആദ്യ ഘട്ടത്തിൽ പൊലീസ്. എന്നാൽ ഇതിനെച്ചൊല്ലി നിരന്തരം വാർത്തകളും വിമർശനങ്ങളും വന്നതോടെയാണ് ആദ്യം ചോദ്യം ചെയ്യൽ നടപടി പൂർത്തിയാക്കാം എന്ന നിലപാടിലേക്ക് പൊലീസ് എത്തിയത്.
ഫേസ്ബുക്ക് അക്കൗണ്ട് നന്ദകുമാറിന്റെതാണോ എന്ന് സ്ഥിരീകരിക്കാനും അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി എന്ന് ആരോപിക്കപ്പെടുന്ന പോസ്റ്റുകൾ റിക്കവർ ചെയ്യാനും പൂജപ്പുര പൊലീസ് ഫേസ്ബുക്കിന് മെയിൽ അയച്ചിരുന്നു. ഇതിൽ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. മറുപടി ലഭിച്ച ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കൂ.
നേരത്തെ, സൈബര്‍ അധിക്ഷേപത്തിനെതിരേ പൊലീസിനും വനിതാ കമ്മീഷനും സൈബര്‍ സെല്ലിനും അച്ചു ഉമ്മന്‍ പരാതി നല്‍കിയിയിരുന്നു. സ്ക്രീന്‍ ഷോട്ടുകള്‍ സഹിതമായിരുന്നു പരാതി. അച്ചുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് മൊഴി രേഖപ്പെടുത്തിയിരുന്നു. അച്ചു ഉമ്മന്‍ പരാതി നല്‍കിയതിന് പിന്നാലെ നന്ദകുമാര്‍ ഖേദപ്രകടനം നടത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും അറിയാതെ സംഭവിച്ചു പോയ തെറ്റിന് നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു നന്ദകുമാറിന്റെ പോസ്റ്റ്.