കൊച്ചി : കുസാറ്റ് ദുരന്തത്തിനു പിന്നാലെ കൊച്ചിയിലേക്ക് തിരിച്ച് മന്ത്രിമാരായ പി രാജീവും, ആർ ബിന്ദുവും. നവ കേരള സദസിന്റെ ഭാഗമായി ഇരുവരും കോഴിക്കോട്ടാണ്. ഇവിടെ നിന്നു ഇരുവരും കൊച്ചിയിലേക്ക് പുറപ്പെട്ടു.
സർവകലാശാല ഉൾക്കൊള്ളുന്ന കളമശ്ശേരി മന്ത്രി രാജീവിന്റെ മണ്ഡലം കൂടിയാണ്. വേണ്ട നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്കു നൽകിയതായി ഇരുവരും വ്യക്തമാക്കി.
കളമശ്ശേരി കുസാറ്റ് സർവകലാശാല ക്യാംപസിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികളാണ് മരിച്ചത്. കുസാറ്റ് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെയാണ് ദാരുണ സംഭവം. 64 പേർക്ക് പരിക്കേറ്റതായാണ് വിവരം. നാല് പേരുടെ നില ഗുരുതരമാണ്.