കൊച്ചി : കുസാറ്റ് കാമ്പസിലെ പരിപാടിക്കിടെ നാല് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിന് കാരണം സംഘാടനത്തിലെ ഗുരുതര വീഴ്ചയെന്ന് അന്വേഷണ സമിതി റിപ്പോർട്ട്. തുടർന്ന് പ്രിൻസിപ്പലും അധ്യാപകരും വിദ്യാർഥികളും ജീവനക്കാരുമടക്കം ഏഴുപേരിൽനിന്നു വിശദീകരണം തേടാൻ സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനിച്ചു.
കുസാറ്റ് ടെക്ഫെസ്റ്റ് പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് നാലു പേരാണ് മരിച്ചത്. തുടർന്ന് കുസാറ്റ് സിൻഡിക്കേറ്റ് യോഗം മൂന്നംഗ ഉപ സമിതിയെ അന്വേഷണ സമിതിയായി നിയോഗിച്ചിരുന്നു. ഈ അന്വേഷണ സമിതിയുടെ റിപ്പോർട്ടിലാണ് സംഘാടനത്തിൽ വീഴ്ച പറ്റിയതായി കണ്ടെത്തിയത്.
പരിപാടി സംബന്ധിച്ച വിവരങ്ങൾ പൊലീസിനെ അറിയിക്കുന്നതിൽ കാലതാമസമുണ്ടായി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാതിരുന്നതും യഥാസമയം ആവശ്യമായ പൊലീസ് സേവനം തേടാതിരുന്നതും ഇക്കൂട്ടത്തിൽ പെടുന്നു. സർക്കാർ നിർദേശത്തിനു വിപരീതമായി സംഗീതനിശ നടത്തിയതും പണപ്പിരിവ് നടത്തിയതും തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക കാര്യങ്ങൾ അന്വേഷിക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു.
ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത ഭാവിയില്‍ വേണമെന്നും അതിനായി നടപടി വേണമെന്നും സിന്റിക്കേറ്റ് യോഗത്തിൽ ആവശ്യം ഉയര്‍ന്നു. ദുരന്തം നടന്ന ഓഡിറ്റോറിയത്തെ കുറിച്ച് പഠിച്ച് നവീകരണ പ്രവൃത്തികൾ നടത്താനും തീരുമാനമുണ്ട്. ഇനിമുതൽ സർവകലാശാലയിൽ വലിയ പരിപാടികൾ നടത്തുമ്പോൾ പ്രത്യേകമായി നടത്തിപ്പ് ചട്ടം രൂപവത്കരിക്കാനും നിർദേശമുണ്ട്.
‘ധിഷണ’ ചെയർപേഴ്സൺ കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹു, സ്റ്റാഫ് കോ – ഓർഡിനേറ്റർ ഡോ. ബി.എസ്. ഗിരീഷ് കുമാരൻ തമ്പി, സ്റ്റാഫ് ട്രഷറർ എൻ. ബിജു, രജിസ്ട്രാർ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാർ അനൂറിൻ സലിം, ‘ധിഷണ’ എന്ന പേരിൽ നടന്ന പരിപാടിയുടെ സംഘാടകരായ മൂന്ന് വിദ്യാർഥികൾ എന്നിവരിൽ നിന്നാണ് വിശദീകരണം തേടുക.