കൊച്ചി : കുസാറ്റ് ക്യാമ്പസിലുണ്ടായ അപകടത്തിൽ നാലു പേർ മരിച്ച സംഭവത്തിൽ സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പലിനെ മാറ്റി. ഡോ.ദീപക് കുമാർ സാഹുവിനെയാണ് അന്വേഷണത്തിന്റെ ഭാഗമായി മാറ്റയിത്. രജിസ്ട്രാർക്ക് പ്രിൻസിപ്പൽ നൽകിയ കത്ത് പുറത്തായതിനു പിന്നാലെയാണ് നടപടി. സംഗീത നിശയ്ക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്താണ് പുറത്തായത്.
അപകടം സംബന്ധിച്ച അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. വെള്ളിയാഴ്ച റിപ്പോർട്ട് നൽകുമെന്നും വിസി വ്യക്തമാക്കി. അതിനിടെ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. സുരക്ഷാ വീഴ്ച അടക്കം പരിശോധിച്ചു വിശദീകരണം നൽകാൻ ആലുവ റൂറൽ എസ്പിക്കും കൊച്ചി സർവകലാശാല രജിസ്ട്രാർക്കും കമ്മിഷന് അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകി.
കുസാറ്റിലെ സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ ടെക്ഫെസ്റ്റിലെ ഗാനമേളയ്ക്കെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ടാണു നാലു വിദ്യാർഥികള്‍ ശനിയാഴ്ച മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ആലപ്പുഴ സ്വദേശി ഗീതാഞ്ജലി, മലപ്പുറം സ്വദേശി ഷെബ എന്നിവരാണ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തില്‍ തുടരുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിലവില്‍ 34 പേര് ചികിത്സയിലുണ്ട്.